എടവണ്ണ: ചെമ്പക്കുത്ത് ജാമിഅയ്ക്ക് സമീപം സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് മതിലിലിച്ചു. അപകടത്തില്‍ 18 വിദ്യാര്‍ഥികള്‍ക്കും ബസ് ജീവനക്കാരനും പരിക്കേറ്റു. രാവിലെ 9.30-ഓടെയാണ് അപകടം. മുണ്ടേങ്ങര പ്രൈസ്‌വില്‍ പബ്ലിക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് എടവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആസ്പത്രികളിലും രക്ഷിതാക്കളും നാട്ടുകാരും ഓടിക്കൂടി.
പരിശോധനയ്ക്കായി ഒമ്പതുപേരെ എടവണ്ണ രാജഗിരി ആസ്പത്രിയിലും 10 പേരെ എടവണ്ണ ഇ.കെ. നായനാര്‍ സ്മാരക സര്‍ക്കാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ മഞ്ചേരി ജനറല്‍ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്തു.
ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടസമയം ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ഥികളെ ആസ്പത്രികളിലെത്തിച്ചത്. കുട്ടികളില്‍ ചിലര്‍ക്ക് പേടികൊണ്ടുണ്ടായ പ്രശ്‌നങ്ങളാണെന്നും പരിക്കുകള്‍ നിസ്സാരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
17 പേര്‍ക്കും പ്രഥമ ചികിത്സ നല്‍കി വിടുകയായിരുന്നു. യാസ്‌വിന്‍ നസ്‌വീന്‍ എന്ന വിദ്യാര്‍ഥിയെയാണ് മഞ്ചേരി ആസ്പത്രിയിലേക്ക് മാറ്റിയത്.
എടവണ്ണ രാജഗിരി ആസ്പത്രിയില്‍ ചികിത്സ തേടിയവര്‍- നീദു(9), വിജിത(8), ഐശ്വര്യ(9), ലിയ(8), മേഘ(9), അര്‍ജുനന്‍(14), അവിത(9), ആകാശ്, മുസ്തഫ(40). ഇ.കെ.നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടിയവര്‍ അഷ്മില്‍ (4), ആദില്‍ മുഹമ്മദ്(7), ഹെന്നിന്‍ (7), അശ്വതി (13), ഇശ(9), അഞ്ജുമോള്‍(9), അമീനാഷെറിന്‍(10), ഗ്ലാഡ് വിന്‍പ്രസാദ്(10), ഫിനൂബ്(5).