
മലപ്പുറം:സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതിന് പ്രത്യേകം സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജല്‍സീമിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രോഫി കമ്മിറ്റി യോഗം തീരുമാനിച്ചു. സ്വര്‍ണക്കപ്പ് കൂടാതെ നിലവില്‍ 232 ട്രോഫികളാണുള്ളത്.
പുതുതായി 14 ഇനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതിനാല്‍ ഇതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. മത്സരവിജയികള്‍ക്കായി 1100 മെമന്‍േറാകളും ഒരുക്കണം. ഇതിനും സ്‌പോണ്‍സര്‍ഷിപ്പ് തേടും. കൂടുതല്‍ പോയന്റ് നേടുന്ന ജില്ലയ്ക്ക് നല്‍കുന്ന സ്വര്‍ണക്കപ്പ് ജില്ലയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അടുത്ത യോഗത്തില്‍ കൈക്കൊള്ളും. ഇപ്പോള്‍ ട്രോഫികള്‍ ഏതൊക്കെ സ്‌കൂളുകളിലാണെന്നും മറ്റുമുള്ള വിവരങ്ങളെടുക്കുന്നതിന് രണ്ട് സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ക്ക് യോഗം ചുമതല കൊടുത്തിട്ടുമുണ്ട്. ജില്ലാപഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, കണ്‍വീനര്‍ പി.കെ. ദിവാകരന്‍, സി. വത്സന്‍, മുഹമ്മദലി, കാര്‍ത്തികേയന്‍, ഹബീബ് തങ്ങള്‍, ഗിരീഷ്ബാബു, ജയരാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.