
മലപ്പുറം: റവന്യു മന്ത്രി കളക്ടറേറ്റ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ പരാതികളുടെ കെട്ടഴിച്ചു. മണല്‍കടത്ത് തടയാന്‍ നിയോഗിക്കപ്പെടുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ജീവനക്കാര്‍ ഉന്നയിച്ചു. ആഭ്യന്തര മന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കെട്ടിടനികുതി പിരിക്കുന്നതിന് സ്‌പെഷല്‍ റവന്യു ഇന്‍സ്‌പെക്ടറെയോ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയോ നിയമിക്കണം, തീരദേശങ്ങളിലെ പ്രകൃതിക്ഷോഭ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇരുചക്രവാഹനം അനുവദിക്കണം, പഴയ സ്റ്റാഫ്പാറ്റേണില്‍ മാറ്റം വരുത്തണം, റീസര്‍വെ ജോലികള്‍ ത്വരപ്പെടുത്തുക, ജില്ലാ - താലൂക്ക് തലത്തില്‍ മണല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിക്കുക, ടെലഫോണ്‍ ഇനത്തില്‍ വില്ലേജ് ഓഫീസുകള്‍ക്ക് നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉദ്യോഗസ്ഥര്‍ മന്ത്രിക്കു മുമ്പില്‍ അറിയിച്ചു
റവന്യു വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് പലരും കോടതിയില്‍നിന്നും അനുമതിവാങ്ങി വയല്‍നികത്തി വ്യാപാരാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇത്തരത്തില്‍ നറുകര വില്ലേജില്‍ അനധികൃതമായി നികത്തിയ 2008 ന് മുമ്പുള്ള ഭൂമിയുടെ വിശദാംശം റവന്യു കമ്മീഷണര്‍ക്ക് ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തോട്ടഭൂമിയായതിനാല്‍ മിച്ചഭൂമിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഭൂമി മുറിച്ചു വില്‍ക്കുന്ന പ്രവണത തടയാന്‍ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഉച്ചയ്ക്ക് 1.30 വരെയാക്കിയാല്‍ ബാക്കിയുള്ളസമയം ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധിക്കാമെന്നും അഭിപ്രായമുണ്ടായി. തിരക്ക് അധികമുള്ള വില്ലേജ് ഓഫീസുകളില്‍ മറ്റ് ഓഫീസുകളില്‍ നിന്നും വര്‍ക്ക് അറേഞ്ചില്‍ ജീവനക്കാരെ നിയോഗിക്കണമെന്നും കമ്പ്യൂട്ടറടക്കമുള്ള ഓഫീസ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുക അനുവദിക്കണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു. ബാങ്ക് കുടിശ്ശിക തിരിച്ച് പിടിയ്ക്കാന്‍ സഹായിക്കുന്ന റവന്യു അധികൃതര്‍ക്ക് കുടിശ്ശിക അടയ്ക്കാന്‍ എത്തുമ്പോള്‍ ബാങ്കില്‍ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ചചെയ്യും.
കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ. മുഹമ്മദുണ്ണിഹാജി, ജോയിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ വി. രതീഷ്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌സെക്രട്ടറി പി.കെ. ഗിരിജ, കളക്ടര്‍ എം.സി. മോഹന്‍ദാസ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ടി. മിത്ര, തിരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലന്‍, എ.ഡി.എം എന്‍.കെ. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.