കുറ്റിപ്പുറം: മിനിപമ്പയില്‍ ദേശീയപാതയുടെ സ്ഥലം കയ്യേറി അനധികൃതമായി ഷെഡുകള്‍ നിര്‍മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയപാത അധികൃതര്‍ മിനിപമ്പ സന്ദര്‍ശിച്ചു.

തീര്‍ഥാടനകാലത്ത് താത്കാലികമായി കച്ചവടം നടത്തുന്നതിനായാണ് ദേശീയപാതയുടെ സ്ഥലത്ത് ഷെഡുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നത്. ഇവ പൊളിച്ചുമാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എതിര്‍പ്പുണ്ടായതോടെ പിന്‍മാറി.

തീര്‍ഥാടനകാലം കഴിയുന്നതോടെ ഷെഡുകള്‍ പൊളിച്ചുമാറ്റിയാല്‍മതിയെന്നാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡുകളുടെ പേരില്‍ ഇടനിലക്കാരും ലാഭം കൊയ്യുന്നുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ഇവിടെ കച്ചവടം നടത്തിയിരുന്ന ചിലര്‍ സ്ഥലം നിശ്ചിത തുക ഈടാക്കി ഇത്തവണ മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ദേശീയപാത വിഭാഗംതന്നെ നിശ്ചിത തുക ഈടാക്കി തീര്‍ഥാടനകാലത്ത് കച്ചവടം നടത്താന്‍ പ്രത്യേക അനുമതി നല്‍കുന്നകാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. 

ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതലൈന്‍ കടന്നുപോകുന്നതിന് ചുവട്ടില്‍ കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡുകള്‍ അപകടഭീഷണിയുണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാതയോരം കയ്യേറി നിര്‍മിച്ച ഷെഡുകളിലേക്ക് വൈദ്യുതി എത്തിച്ചുനല്‍കിയതും വിവാദമായിരുന്നു.
 
Top