പൊന്നാനി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബിയ്യം കായലില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രം ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കും.

വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കാനുള്ള നടപടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് ശ്രീരാമകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു.

കനോയിങ്, കയാക്കിങ്, റോവിങ് തുടങ്ങിയവയിലാണ് ബിയ്യംകായലില്‍ പരിശീലനം നല്‍കുക. താലൂക്കിലെ 10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.

രണ്ടാംഘട്ടത്തില്‍ പൊന്നാനി നഗരസഭ, മണ്ഡലത്തിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച് പ്രത്യേകപാക്കേജ് തയ്യാറാക്കി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.

ജലോത്സവം നടക്കുന്ന ബിയ്യംകായലില്‍ അതില്‍ പങ്കെടുക്കുന്ന ബോട്ട്ക്ലബ്ബുകളിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. പരിശീലനം നല്‍കുന്നതിനായി സിംഗിള്‍, ഡബിള്‍ വിഭാഗത്തിലായുള്ള 23 ബോട്ടുകള്‍ ആലപ്പുഴ സായി കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ഒരേസമയം 35, 40 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുക. നിലവില്‍ ജല കായികകേന്ദ്രങ്ങള്‍ കൊല്ലത്തും ആലപ്പുഴയിലും മാത്രമാണുള്ളത്. മലബാറില്‍ ആദ്യത്തേതാണ് പൊന്നാനിയില്‍ ആരംഭിക്കുന്നത്.

കെട്ടിടങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും താമസിയാതെ ആരംഭിക്കും. എം.എല്‍.എയോടൊപ്പം ഡി.ടി.പി.സി എക്‌സിക്യുട്ടീവ് അംഗം ഷംസു കല്ലാട്ടേയില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് അംഗം ഋഷികേശ്, പി. ഹസ്സന്‍കോയ, നഗരസഭാ കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, പി.വി. ലത്തീഫ്, ബിന്ദു സിദ്ധാര്‍ഥന്‍ എന്നിവരും ഉണ്ടായിരുന്നു.
 
Top