തിരൂര്‍: തിരൂര്‍- ചമ്രവട്ടം റൂട്ടില്‍ ഒമ്പതുകോടി രൂപ ചെലവില്‍ തിരൂരിലെ റോഡുകള്‍ നവീകരിക്കുന്ന 'തിരൂര്‍ റോഡ് നെറ്റ്‌വര്‍ക്ക്' പദ്ധതിയിലെ പണി മന്ദഗതിയില്‍. തിരൂര്‍ താഴെപ്പാലത്തുനിന്ന് ബി.പി. അങ്ങാടിവരെയാണ് ഒരു മാസമായി റോഡുപണി നടക്കുന്നത്. ഏഴുമീറ്റര്‍ വീതിയുള്ള റോഡ് തിരൂര്‍ ചമ്രവട്ടം റൂട്ടില്‍ ബി.പി. അങ്ങാടി ജങ്ഷന്‍വരെ 10 മീറ്ററാക്കുന്നതാണ് ജോലി.

തിരൂര്‍- ചമ്രവട്ടം റൂട്ടില്‍ 3.2 കി.മീറ്റര്‍ ദൂരത്തിലാണ് റോഡിന്റെ വീതികൂട്ടലും ടാറിങ്ങും. റോഡിന്റെ ഇരുവശവും മണ്ണുമാന്തി ഉപയോഗിച്ച് കുഴി വെട്ടി കല്ലുനിരത്തുകയും കുറേസ്ഥലത്ത് അഴുക്കുചാലിന്റെ സ്ലാബ് നിര്‍മ്മാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. പോലീസ് ലൈനില്‍ കലുങ്ക് നിര്‍മ്മാണവും ആരംഭിച്ചു. എന്നാല്‍ തിരൂര്‍ പൊറ്റേത്ത് പടിയില്‍ റോഡിന്റെ ഉയരംകൂട്ടല്‍ തുടങ്ങിയിട്ടില്ല. ഇതിനായി ഇറക്കിയ കല്ലും മണ്ണും റോഡരികില്‍ യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നു. റോഡരികിലെ വൈദ്യുതിത്തൂണുകളും പൈപ്പ് ലൈനുകളും ടെലിഫോണ്‍ കേബിളുകളും മാറ്റി സ്ഥാപിച്ചാലേ ചമ്രവട്ടം റൂട്ടില്‍ തിരൂര്‍ താഴെപ്പാലം- ബി.പി. അങ്ങാടി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളൂ.
 
Top