
മലപ്പുറം:കോഴിയുടെ വിലയില്‍ വലിയതോതില്‍ ഇടിവ് വന്നതോടെ കോഴിക്കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഇതേത്തുടര്‍ന്ന് ജില്ലയില്‍ പകുതിയിലേറെ കോഴിഫാമുകള്‍ താത്കാലികമായി അടച്ചു. ഈ പ്രതിസന്ധി ഒരുമാസംകൂടി തുടരുകയാണെങ്കില്‍ മുഴുവന്‍ കോഴിഫാമുകളും അടച്ചിടേണ്ട ഗതിവരുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. പ്രതിസന്ധികാരണം ജില്ലയിലെ കോഴി ഉത്പാദനത്തില്‍ കുത്തനെ കുറവ് വന്നിട്ടുണ്ട്.
ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കോഴിയുടെ മാര്‍ക്കറ്റ് വില തമിഴ്‌നാട്ടിലെ മാര്‍ക്കറ്റ് വിലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ കോഴിവിലയേക്കാള്‍ ശരാശരി ഒമ്പതുരൂപ കുടുതല്‍ എന്ന നിരക്കിലാണ് നിലവില്‍ ജില്ലയിലെ ഫാമുകളില്‍നിന്ന് കോഴികളെ വില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളെ അപേക്ഷിച്ച് കോഴിക്ക് ഏറ്റവുംകുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്. കിലോയ്ക്ക് ശരാശരി 31 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. നേരത്തെ 70 രൂപയിലേറെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. കോഴിത്തീറ്റയ്ക്കാണെങ്കില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ 50 കിലോയുടെ ചാക്കിന് 700 രൂപവരെ വിലവര്‍ധനയും ഉണ്ടായി. 950 രൂപയ്ക്ക് ലഭിച്ചിരുന്ന കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 1650 രൂപ വരെയാണ് വില.
തമിഴ്‌നാട്ടില്‍ കോഴിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാല്‍ കോഴിയുടെ വിലകുറച്ചാലും തമിഴ്‌നാട് കര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാവില്ലെന്നും എന്നാല്‍ അത് കേരളത്തിലെ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാട് മാര്‍ക്കറ്റുമായി മത്സരിക്കാവുന്ന സാഹചര്യമല്ല ഇവിടെയുള്ളത്. പക്ഷിപ്പനിയെത്തുടര്‍ന്നുള്ള നിരോധനത്തില്‍ ഇളവ് വന്നതോടെ വലിയതോതില്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കോഴി എത്തിത്തുടങ്ങുകയും ചെയ്തു.
ജില്ലയില്‍ അയ്യായിരത്തിലേറെ കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഖാദര്‍അലി വറ്റലൂര്‍ പറഞ്ഞു. ഒരുഘട്ടത്തില്‍ കോഴി ഉത്പാദനത്തില്‍ ജില്ല സ്വയം പര്യാപ്തതയുടെ അടുത്തെത്തിയതാണ്. എന്നാല്‍ ആ സ്ഥിതിയില്‍നിന്ന് കൂപ്പുകുത്തിയിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു