നിലമ്പൂര്‍: നിലമ്പൂരിലെ മരുന്നുവിവാദം സംബന്ധിച്ച് അന്വേഷണം നടത്താന്‍ താലൂക്കാസ്​പത്രി മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ താലൂക്കാസ്​പത്രിയിലെ ഫിസിഷ്യന്‍ ഡോ. ഷിനാസ് ബാബുവിനെതിരെ രൂക്ഷവിമര്‍ശം. അനാവശ്യമായി രോഗികള്‍ക്ക് അധികമരുന്ന് നല്‍കിയതിലൂടെ രോഗികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിവഴി സര്‍ക്കാരിനും വമ്പിച്ച സാമ്പത്തിക നഷ്ടമാണുണ്ടാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

മൊത്തം 33 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് ഉപസമിതി ചെയര്‍മാനും നഗരസഭ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷനുമായ അഡ്വ. സി. ബാബു മോഹനക്കുറുപ്പ് അവതരിപ്പിച്ചത്. വിവിധ സംഘടനകളുടെ എട്ട് പരാതികളാണ് സമിതി രേഖപ്പെടുത്തിയത്. വിവിധ വിഭാഗത്തിലെ ആറ് പ്രതിനിധികളില്‍നിന്ന് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ലെനക് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനിയുടെ മരുന്നുകളും എ.ആര്‍.പി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഇഞ്ചക്ഷനും താലൂക്കാസ്​പത്രിയിലെ ആര്‍.എസ്.ബി.വൈ ഗുണഭോക്താക്കള്‍ക്കും മറ്റ് രോഗികള്‍ക്കും ഡോ. ഷിനാസ് ബാബുവും മറ്റു ഡോക്ടര്‍മാരും നിര്‍ദ്ദേശിച്ചതുമൂലം സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ഭീമമായ നഷ്ടം സംഭവിച്ചു എന്നതാണ് പ്രധാന ആരോപണം.

ഈ മരുന്നുകള്‍ മനഃപൂര്‍വ്വം ലാഭേച്ഛയോടെ കമ്പനികളെ സഹായിക്കാന്‍ രോഗികളില്‍ അടിച്ചേല്‍പ്പിച്ചു എന്നും ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ അനാവശ്യമായി കിടത്തി ചികിത്സിച്ചു എന്നും ഇത് ചെയ്തത് ഡോക്ടര്‍ക്ക് ആനുകൂല്യം കിട്ടാനാണെന്നും പരാതിയിലുണ്ട്.
വിവാദമരുന്നുകള്‍ കാലാവധി കഴിഞ്ഞത് ലേബല്‍ മാറ്റി ഒട്ടിച്ച് വില്പന നടത്തുന്നതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നാണ് സമിതി പ്രധാനമായും പരിശോധിച്ചത്.

അന്വേഷണത്തില്‍, ആര്‍.എസ്.ബി.വൈ ഗുണഭോക്താക്കളായ രോഗികള്‍ക്കും അല്ലാത്തവര്‍ക്കും ഫിസിഷ്യന്‍ ഡോ. ഷിനാസ്ബാബു ഇത്തരം മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നതായും ഡോ. രാമന്‍, ഡോ. പ്രവീണ തുടങ്ങിയവര്‍ ആ മരുന്നുകള്‍ ആവര്‍ത്തിച്ചിരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്.

ലാക്ടം എസ്.ബിക്ക് 135 രൂപ വിലയുള്ളപ്പോള്‍ അതേ ചേരുവയുള്ള അന്താരാഷ്ട്ര കമ്പനിയുടെ മരുന്നായ ഒഫ്രാമാക്‌സ് ഫോര്‍ട്ടിക്കിന് 119 രൂപ മാത്രമാണ് വില. മറ്റ് പ്രമുഖ കമ്പനികളായ ഇന്‍ഡോകോ, ഐ.പി.സി.എ, ബ്ലൂക്രോസ്സ് എന്നിവയുടെ അതേ ചേരുവയുള്ള മരുന്നുകള്‍ ലാക്ടം എസ്.ബിയുടെ വിലയേക്കാള്‍ 15 മുതല്‍ 25 ശതമാനം വിലകുറച്ചാണ് വിപണിയില്‍ കിട്ടിയിരുന്നത്. ലെനക് ഫാര്‍മയുടെതന്നെ പാന്റോ ഇന്‍ ഇഞ്ചക്ഷന് മറ്റ് കമ്പനിമരുന്നിനേക്കാള്‍ വില കൂടുതലാണ്.

നെക്‌സാറിന്‍ 40 എം.ജി മരുന്നിന്റെ വിലയേക്കാള്‍ കുറവാണ് മറ്റ് കമ്പനികളുടെ ഈ ആവശ്യത്തിനുള്ള മരുന്നിന്റെ വിലയെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. നിലവാരമുള്ള മരുന്ന് കമ്പനികളുടെ വിലക്കുറവും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കാന്‍ മേല്‍പറഞ്ഞ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുകയായിരുന്നു.

സ്വകാര്യ ആസ്​പത്രികളും മെഡിക്കല്‍ സ്റ്റോറുകളും രണ്ട് യൂണിറ്റ് നൊക്‌സാറിന്‍ 40 എം.ജി ഇഞ്ചക്ഷന്‍ വാങ്ങുമ്പോള്‍ ഒരു യൂണിറ്റ് സൗജന്യമായി നല്‍കിയിരുന്നു. അതേസമയം ആര്‍.എസ്.ബി.വൈ കരാറുള്ള സ്ഥാപനം 10 യൂണിറ്റ് വാങ്ങുമ്പോള്‍ മാത്രമാണ് ഒരു യൂണിറ്റ് സൗജന്യമായി നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നൊക്‌സാറിന്‍ 40 എം.ജി ഇഞ്ചക്ഷന്റെ വില 475 രൂപയാണ്. 418 രൂപയാണ് ആര്‍.എസ്.ബി.വൈ ഗുണഭോക്താക്കള്‍ നീതിസ്റ്റോറില്‍ ഇതിന് നല്‍കിയിരുന്നത്. ഈ മരുന്നില്‍ നീതിസ്റ്റോറിന് ആനുകൂല്യം നിഷേധിച്ചതുവഴി ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുള്ളത്.

ആസ്​പത്രി ഫാര്‍മസിയില്‍ അത്യാവശ്യം മരുന്നുകള്‍ സ്റ്റോക്കുള്ളപ്പോഴും ഗുണനിലവാരം കുറഞ്ഞതും വിലകൂടിയതുമായ മരുന്നുകള്‍ പുറത്തേക്കെഴുതുകയാണ് ചില ഡോക്ടര്‍മാര്‍ ചെയ്തിരുന്നതെന്ന് ആസ്​പത്രി സൂപ്രണ്ട് ഡോ. സിദ്ദീഖ് ഹസ്സന്‍ ഉപസമിതിക്ക് മൊഴിനല്‍കിയിട്ടുണ്ട്.

ഈ മരുന്നുകച്ചവടത്തിന് ആസ്​പത്രി പരിസരത്തെ നീതി മെഡിക്കല്‍സ്റ്റോറിലെ ഫാര്‍മസിസ്റ്റും ഹെല്‍പ്പറും കൂട്ടുനിന്നതായും സമിതി കുറ്റപ്പെടുത്തുന്നു. മരുന്ന് സ്റ്റോക്കുള്ളപ്പോഴും അതെഴുതാതെ പുറത്തേക്ക് ഡോക്ടര്‍മാര്‍ മരുന്നെഴുതിയിരുന്നതായി ആസ്​പത്രി ഫാര്‍മസി വിഭാഗവും മൊഴി നല്‍കിയിട്ടുണ്ട്. വിലകുറഞ്ഞ മരുന്ന് കിട്ടാനുള്ളപ്പോള്‍ ഡോ. ഷിനാസ് ലെനകിന്റെ വിലകൂടിയ മരുന്നാണ് കൂടുതലെഴുതിയിരുന്നതെന്ന് വനിതാസംഘം നീതി സ്റ്റോറിലെ ഫാര്‍മസിസ്റ്റ് പി. വിനീതും മൊഴി നല്‍കിയിട്ടുണ്ട്.

ഇത്തരം കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ താലൂക്കാസ്​പത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായി ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Top