ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ക്രമീകരണം പുരോഗമിക്കുകയാണ്. ഡിസംബര്‍ 31ഓടെ മുഴുവന്‍ പഞ്ചായത്തുകളിലും ഓണ്‍ലൈനായി വിവാഹവും ജനനമരണവും രജിസ്റ്റര്‍ ചെയ്യാനാവും.

പഞ്ചായത്തോഫീസില്‍ പോകാതെ ഇന്റര്‍നെറ്റ് മുഖേന വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുമെന്നതാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രത്യേകത. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് (www.lsgdkerala.gov.in) രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. വിവാഹം സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തണം. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെത്തണം. വധൂവരന്മാരും സാക്ഷികളും പോകണം. വധൂവരന്മാരുടെ മൂന്ന്‌വീതം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിവാഹം നടന്ന മതസ്ഥാപനത്തില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

പേര്, വയസ്സ്, ജനനത്തീയതി, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്നതിനാണ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ ഇല്ലാത്ത എസ്.എസ്.എല്‍.സി ബുക്ക് ആണെങ്കില്‍ ഫോട്ടോയുള്ള മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. രണ്ട് സാക്ഷികളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. വേണമെങ്കില്‍ കല്യാണഫോട്ടോയും തെളിവായി നല്‍കാം.

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ്ഔട്ടുമായാണ് വധൂവരന്മാരും സാക്ഷികളും എത്തേണ്ടത്. പ്രിന്റ്ഔട്ടില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മിനിറ്റുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍നെറ്റ് വഴി ലോകത്തെവിടെനിന്നും പരിശോധിക്കാനും പ്രിന്റ് എടുക്കാനും സൗകര്യമുണ്ടാകും. വധൂവരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പിന്നീട് സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന മെച്ചവുമുണ്ട്.

സാധാരണ വിവാഹ രജിസ്‌ട്രേഷന് സാക്ഷികള്‍ പഞ്ചായത്തോഫീസില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ട് സാക്ഷികളും നിര്‍ബന്ധമായും പഞ്ചായത്ത് ഓഫീസിലെത്തി ഒപ്പിട്ട് നല്‍കണം.
 
Top