വെളിയങ്കോട് താവളക്കുളത്ത് മിനിവാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരായ രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. വെളിയങ്കോട് പത്തുമുറി സ്വദേശി പുതുവീട്ടില്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞിമോന്‍ (നൗഷാദ്- 32) സുഹൃത്ത് പാമ്പന്‍ റോഡ് സ്വദേശി കളത്തില്‍ ബീരാന്റെ മകന്‍ അലി (30) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പുതുപൊന്നാനി - ചാവക്കാട് ദേശീയപാതയില്‍ ആണ് അപകടം.
മിനിലോറി ഡ്രൈവറായ നൗഷാദ് രാവിലെ വണ്ടി എടുക്കാനായി താവളക്കുളത്ത് എത്തിയതായിരുന്നു. ഇലക്ട്രീഷ്യനായ സുഹൃത്ത് അലിയുമായി റോഡരികിലൂടെ സംസാരിച്ച് നടക്കുന്നതിനിടെ നിയന്ത്രണംവിട്ട വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ പോയി പൊന്നാനിയിലേക്ക് തിരിച്ചുപോവുകയായിരുന്ന വാന്‍ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചാണ് വാന്‍ നിന്നത്. തൂണ്‍ മുറിഞ്ഞുവീണു.
നൗഷാദിനെ തൃശ്ശൂരിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും അലി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലുമാണ് മരിച്ചത്.
ആയിശുമ്മയാണ് നൗഷാദിന്റെ മാതാവ്. ഭാര്യ: നദീറ. മക്കള്‍: നിഹാല്‍, നസ്‌റിന്‍ (ഇരുവരും വിദ്യാര്‍ഥികള്‍, എ.യു.പി.സ്‌കൂള്‍ വെളിയങ്കോട് സൗത്ത്). സഹോദരങ്ങള്‍: മുഷമ്മദ്ഷാഫി, നസീര്‍, മാരിയ, ശറഫിയ.
പാത്തുമ്മുവാണ് അലിയുടെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിദ്ദീഖ്, ഹംസത്ത്, നാസര്‍, റസാഖ്, അനഫി, റഫീഖ്, ഷാഫി, സുലൈഖ. അലിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി 7.30ന് വെളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നൗഷാദിന്റെ മൃതദേഹം പൊന്നാനി ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച കാലത്ത് 11ന് വെളിയങ്കോട് മരക്കാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
 
Top