മലപ്പുറം: പൊതുജനങ്ങളില്‍നിന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് സ്വകാര്യ ഭൂമിയിലെ റീസര്‍വെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാബിനറ്റ് ഈ തീരുമാനമെടുക്കുമ്പോള്‍ താന്‍ ആരോഗ്യവകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റവന്യു സ്റ്റാഫ് അസോസിയേഷന്‍ മലബാര്‍ അംശം ഉദ്യോഗസ്ഥ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ചിലരെ സംരക്ഷിക്കുന്നതിനാണ് റീസര്‍വെ നിര്‍ത്തിയതെന്നാണ് ഒരുപക്ഷം ആക്ഷേപമുന്നയിച്ചത്. അതോടൊപ്പം തങ്ങള്‍ക്കുള്ള ജോലി നഷ്ടപ്പെടുമെന്ന് ഉദ്യോഗസ്ഥരും കരുതി. ആ പ്രചാരണം അവസാനിപ്പിക്കണം. ഒരാളുടെ പോലും ജോലി നഷ്ടമാകില്ലെന്നും ജീവനക്കാര്‍ക്ക് ചെയ്യാന്‍ മറ്റ് ജോലികള്‍ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ 60 ശതമാനവും റീസര്‍വെ സംബന്ധിച്ചായിരുന്നു. പൂര്‍വികര്‍ കൈമാറിയ ഭൂമിയില്‍ താമസിക്കുന്നവരോട് ഒരുദിവസം ഇത് നിങ്ങളുടെ ഭൂമിയല്ലെന്ന് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള റവന്യു നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റീസര്‍വെ നടത്തിയിരുന്നത്. അതിനാല്‍തന്നെ അപാകമുണ്ടാകാന്‍ സാധ്യതയുമുണ്ട്. 

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. രാജീവ് അധ്യക്ഷതവഹിച്ചു. കളക്ടര്‍ എം.സി. മോഹന്‍ദാസ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. രവീന്ദ്രന്‍, പി.പി.എം. അഷ്‌റഫ്, പി.കെ. നാരായണന്‍ നായര്‍, എം. മുരുകന്‍, എം.സി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാര്‍ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.കെ. ആന്റണി, സംസ്ഥാന സെക്രട്ടറി കെ. രാമചന്ദ്രന്‍, പി. സുഗതന്‍, ഷാജു പി എന്നിവര്‍ പ്രസംഗിച്ചു.
 
Top