പെരിന്തല്‍മണ്ണ: ജില്ലയില്‍ ഒരു മാസത്തിനിടെയുണ്ടായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് പിഞ്ചുകുഞ്ഞിന്‍േറതുള്‍പ്പെടെ 33 ജീവന്‍. ഇതില്‍ കൂടുതല്‍പേരുടെ ജീവനെടുത്തത് ബൈക്ക് ഉള്‍പ്പെട്ടുണ്ടായ അപകടങ്ങളാണ്. ബൈക്ക് ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 16 പേരാണ് മരിച്ചത്. കാല്‍ നടയാത്രക്കാരായ ഒമ്പതുപേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 നും 30നും ഇടയില്‍ പ്രായമുള്ള 10 പേരാണ് മരിച്ചത്. ഇതില്‍ അധികവും ബൈക്ക് യാത്രികരാണ്. 20 വയസ്സില്‍ താഴെയുള്ള ആറുപേരും 30ന് മുകളില്‍ പ്രായമുള്ള ഒമ്പത് പേരും മരിച്ചു. വാഹനത്തില്‍നിന്ന് വീണതിനുശേഷം മറ്റ് വാഹനങ്ങള്‍ ഇടിച്ചും പരിക്കേറ്റും അഞ്ചുപേര്‍ മരിച്ചു. ജില്ലയില്‍ നാല് വീട്ടമ്മമാരും രണ്ട് വയോധികരും ഒരുമാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചു. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 21 വരെ ജില്ലയിലുണ്ടായ കണക്കാണിത്.

വളാഞ്ചേരിയില്‍ മതിലിനും മണല്‍ ലോറിക്കും ഇടയില്‍പെട്ട വിദ്യാര്‍ഥിയുടെ മരണം, പെരിന്തല്‍മണ്ണയ്ക്കടുത്ത് പട്ടിക്കാട് സ്‌കൂളില്‍നിന്ന് ബസ് കയറുന്നതിനിടെ വീണ് ബസ്സിനടിയില്‍പ്പെട്ട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം, മലപ്പുറത്ത് ബസ്സും ഓട്ടോയും ഇടിച്ച് മമ്പാട് സ്വദേശി ലക്ഷ്മിയുടെയും ഇവരുടെ ബന്ധുവിന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെയും മരണം, അയ്യപ്പഭക്തരുടെ സംഘത്തിലേക്ക് ഓട്ടോ ഇടിച്ചുകയറി 12 വയസ്സുകാരന്റെ മരണം, ഒടുവില്‍ ചൊവ്വാഴ്ച ചെനയ്ക്കലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളായ രണ്ട് യുവാക്കളുടെ മരണം തുടങ്ങിയവ ഒരു മാസത്തിനിടെ ജില്ലയെ ഞെട്ടിച്ച ദുരന്തങ്ങളായിരുന്നു.

ഒക്ടോബര്‍ 21ന് മഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് കോഴിക്കോട് പെരുമ്പിലായി മുനീര്‍(24) ആണ്മരിച്ചത്. വളാഞ്ചേരിയില്‍ മതിലിനും മണല്‍ലോറിക്കും ഇടയില്‍പെട്ട് വലിയകുന്ന് കാളിയാര്‍ വട്ടത്ത് മുനീര്‍(17), മഞ്ചേരിയില്‍ ടിപ്പറിടിച്ച് ചികിത്സയിലായിരുന്ന മാതൃഭൂമി ഏജന്റ് കരുവമ്പ്രം തുറക്കല്‍ കണ്ണാരത്ത് മധുസൂദനന്‍(38), മകനുമൊത്ത് ബൈക്കില്‍ പോകവേ ബസ് കയറി ഉമ്മ കരുളായി പാലങ്കര മലപ്പുറവന്‍ സുഹൈറത്ത് (45), മഞ്ചേരിയില്‍ പിക്കപ്പ്‌വാനിടിച്ച് തമിഴ്‌നാട് സ്വദേശി അഴകപ്പന്റെ മകള്‍ സരസ്വതി(7), അങ്ങാടിപ്പുറത്ത് ബസ്സിടിച്ച് അസം സ്വദേശി നൂറുദ്ദീന്‍ (33) എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. ചട്ടിപ്പറമ്പില്‍ ബൈക്ക് മതിലിലിടിച്ച് പാലോളി സുഹൈല്‍ (20), മഞ്ചേരിയില്‍ മിനിലോറി ഓട്ടോയിലിടിച്ച് ബംഗാള്‍ സ്വദേശി നസറുദ്ദീന്‍ മുല്ലി(35), ബൈക്കപകടത്തില്‍ പനങ്ങാങ്ങര കൂളകത്തില്‍ നിഷാദ്(25), ചങ്ങരംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് എടവെട്ടി പുത്തന്‍പുരയ്ക്കല്‍ സരസ്വതി അമ്മ(75) എന്നിവര്‍ മരിച്ചത് ഒക്ടോബര്‍ 31 വരെയുണ്ടായ വാഹനാ പകടങ്ങളിലാണ്.

മഞ്ചേരി ബസ്സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ്സിടിച്ച് തൃക്കലങ്ങോട് കൂമംകുളം കരുവാട്ടില്‍ മുഹമ്മദ് മുഹ്‌സിന്‍(24), പാണ്ടിക്കാട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് തറപ്പടി കപ്പകുന്നന്‍ ലിറാര്‍ (28), പുളിക്കലില്‍ ബെക്കുകള്‍ കൂട്ടിയിടിച്ച് ഐക്കരപ്പടി കളത്തനാട്ട്പുറായ് അബ്ദുള്ളക്കുട്ടി(60), മലപ്പുറത്ത് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മമ്പാട് പന്തലിങ്ങല്‍ കരടിയന്‍ കണ്ടന്റെ ഭാര്യ ലക്ഷ്മി(35), ഇവരുടെ ബന്ധുവിന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, കൊണ്ടോട്ടിയില്‍ കാറിടിച്ച് അരിമ്പ്ര കോലാര്‍വീട്ടില്‍ ആണ്ടി(70), പത്തിരിപ്പാലയില്‍ വീട്ടുകാരുടെ മുന്നില്‍ കാറിടിച്ച് മങ്കര കാരാട്ട്പറമ്പ് കല്ലിങ്കല്‍ അമീനുദ്ദിന്റെ മകള്‍ ഷിഫാന(11), താനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തൊമ്മില്‍ മാളിയേക്കല്‍ അബ്ദുള്‍റാഫി(22), ഓടുന്ന ബസ്സില്‍നിന്ന് തല പുറത്തേക്കിട്ട് തൂണിലിടിച്ച് കണ്ടക്ടര്‍ വേങ്ങര പൂച്ചേങ്ങല്‍ ഇസ്മായില്‍(20), തവനൂരില്‍ ബൈക്കില്‍നിന്ന് വീണ് പാറപ്പുറം പനമ്പാട്ടുവളപ്പില്‍ സുബൈദ(42), ആനക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടിപ്പാലം പെരിമ്പലം പടിഞ്ഞാറേതല കാരാടന്‍ മുസ്തഫ(35), ചാപ്പനങ്ങാടിയില്‍ ലോറി ബൈക്കിലിടിച്ച് കോട്ടയ്ക്കല്‍ പണിക്കരുകുണ്ട് വലിയപീടികക്കല്‍ ഫൈസല്‍(35), പുറത്തൂരില്‍ ബൈക്കപകടത്തില്‍ തൃപ്രങ്ങോട് പടിഞ്ഞാറേ അരീക്കര വിജയന്‍(26), കുറ്റിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് പുഴമ്പ്രത്ത് അബ്ദുള്‍ ബാസിത്(19), പട്ടിക്കാട് ബസ് കയറുന്നതിനിടെ ബസ്സിനടിയില്‍പ്പെട്ട് പത്താംക്ലാസ് വിദ്യാര്‍ഥിനി പാണ്ടിക്കാട് വളരാട് ഉരുണിയന്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ മകള്‍ ഷിബില(15), പാണ്ടിക്കാട് ബൈക്കില്‍നിന്ന് വീണ് ഓട്ടോ തട്ടി തുവ്വൂര്‍ വലിയട്ട നെടുമ്പറമ്പത്ത് യശോദ അമ്മ(66), പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും ഇടിച്ച് തൃശ്ശൂര്‍ കാളത്തോട് പട്ടാണി ആഷിഖ്(21), താനൂരില്‍ അയ്യപ്പഭക്തരുടെ സംഘത്തിലേക്ക് ഓട്ടോ ഇടിച്ചുകയറി മാട്ടുമ്മല്‍ അനന്തുകൃഷ്ണന്‍(12), താഴേക്കോട് സ്‌കൂട്ടറും ബസ്സും ഇടിച്ച് മണ്ണാര്‍ക്കാട് പെരിമ്പടാരി പൂളോണ ഷഫീഖ്(20), വെളിയങ്കോട് കാല്‍നടയാത്രക്കാരെ വാന്‍ ഇടിച്ച് എരമംഗലം പത്തുമുറി പുതുവീട്ടില്‍ കുഞ്ഞിമോന്‍(32), പാമ്പന്‍ റോഡ് കളത്തില്‍ അലി(30), എടക്കരയില്‍ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂത്തേടം ഉദിരം കുളം മാഞ്ചേരി സുബൈര്‍(35), ചെനയ്ക്കലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമായ പെരിന്തല്‍മണ്ണ കുന്നപ്പള്ളി കള്ളിപ്പറമ്പില്‍ അഖില്‍ അഹമ്മദ്(19), വളാഞ്ചേരി പൂക്കാട്ടിരി കൊട്ടമ്പാറ സഫ്‌വാന്‍(19) എന്നിവരാണ് നവംബര്‍ 21 വരെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത്.
 
Top