കുറ്റിപ്പുറം: മിനിപമ്പയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ട്. പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ തീര്‍ഥാടകര്‍ റോഡ് മുറിച്ചുകടക്കുന്നത്.

വിശ്രമിക്കാനെത്തുന്ന തീര്‍ഥാടകര്‍ വാഹനങ്ങളില്‍നിന്നിറങ്ങി കുളിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും റോഡിനപ്പുറത്തേയ്ക്ക് കടക്കേണ്ടതുണ്ട്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും റോഡ് മുറിച്ചുകടക്കണം. റോഡില്‍ സീബ്രാലൈനുകളില്ലാത്തതും വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ നടപടിയില്ലാത്തതുമാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. 

കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ കഴിയാറില്ല. ദേശീയപാതയിലെ വാഹനങ്ങള്‍ക്കിടയിലൂടെയാണ് തീര്‍ഥാടകര്‍ ഇപ്പോള്‍ റോഡിനപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും കടക്കുന്നത്. ഇത് അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ ഭാഗത്ത് തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്താനും നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞവര്‍ഷം റോഡില്‍ സീബ്രാലൈന്‍ വരച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. റോഡിലെ വളവിലാണ് തീര്‍ഥാടകരുടെ ഈ വിശ്രമകേന്ദ്രമെന്നുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. റോഡില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നാണ് തീര്‍ഥാടകര്‍ ആവശ്യപ്പെടുന്നത്.

സീബ്രാലൈന്‍ വരച്ച് റോഡ് മുറിച്ച് കടക്കാന്‍ സൗകര്യമൊരുക്കണമെന്ന് സേവാഭാരതി യൂണിറ്റ് ആവശ്യപ്പെട്ടു. വിശ്വനാഥന്‍ കന്മനം, സത്യന്‍ തണ്ടിലം, ശശി കുറ്റിപ്പുറം, ഉണ്ണി പാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
 
Top