പൊന്നാനി: തുറമുഖ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി മണല്‍ക്കടവുകളില്‍ പൊന്നാനി നഗരസഭയുടെ പരിധിയില്‍വരുന്ന ഭൂരിപക്ഷം ലോറികള്‍ക്കും മണല്‍ കിട്ടുന്നില്ലെന്ന് സംയുക്ത ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. മറ്റുജില്ലകളില്‍ നിന്ന് വരുന്ന ലോറിക്കാരില്‍ നിന്ന് ബില്‍തുകയില്‍ കൂടുതലായി നാലായിരവും അയ്യായിരവും വാങ്ങി യഥേഷ്ടം മണല്‍ നല്‍കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ അധികമായി സൊസൈറ്റികള്‍ ഈടാക്കുന്ന തുകയില്‍ നിന്ന് ഒരു രൂപപോലും കടവില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. സൊസൈറ്റികളും ഒരുപറ്റം ബിനാമിലോറികളും സര്‍ക്കാറിനെയും മണല്‍ക്കടവിലെ തൊഴിലാളികളെയും ചൂഷണം ചെയ്യുകയാണെന്നും ആരോപിച്ചു.

പൊന്നാനി നഗരസഭയിലെ ലോറികള്‍ക്ക് ബില്‍തുകയ്ക്ക് മണല്‍നല്‍കണമെന്നാവശ്യപ്പെട്ട് സൊസൈറ്റികള്‍ നടത്തുന്ന ആറ് കടവുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത ലോറി ഓണേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ എ.കെ. കരിം, സി. ഫൈസല്‍, കെ. ഉമ്മര്‍, എം. അശോകന്‍, കെ. തുളസീധരന്‍ എന്നിവര്‍അറിയിച്ചു.
 
Top