
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 17ന് തിരുവനന്തപുരത്ത് യോഗം ചേരും. സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ രാവിലെ 10.30നാണ് സര്‍വകലാശാല ഉപദേശകസമിതി യോഗം നടക്കുക.
സര്‍വകലാശാലയുടെ താത്കാലിക കെട്ടിടം നിര്‍മാണം, ഓഫീസ് പ്രവര്‍ത്തനം തുടങ്ങല്‍, കെട്ടിടം പണിക്ക് സ്ഥലം ഏറ്റെടുക്കല്‍, കോഴ്‌സുകള്‍ എന്നിവയാണ് ചര്‍ച്ചചെയ്യുക.
സര്‍വകലാശാലയുടെ ഓഫീസും വൈസ് ചാന്‍സലറുടെ വസതിയും ഉള്‍പ്പെടെയുള്ളവ തിരൂര്‍ തുഞ്ചന്‍ പറമ്പിന് സമീപം ആരംഭിക്കാന്‍ വാടകക്കെട്ടിടം തയ്യാറായിട്ടുണ്ട്. ഇതില്‍ ഡിസംബര്‍ ഒന്നിന് ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.
സര്‍വകലാശാലയ്ക്ക് അനുവദിച്ച തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവണ്മെന്റ് കോളേജിന് സമീപത്തെ അഞ്ച് ഏക്കര്‍ സ്ഥലത്ത് താത്കാലിക കെട്ടിടം പണിയാന്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തും. ഈ കെട്ടിടം പണിപൂര്‍ത്തിയാക്കി സര്‍വകലാശാലയുടെ കോഴ്‌സുകള്‍ ഇതില്‍ ആരംഭിക്കും. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം പണിയുന്നതോടെ സര്‍വകലാശാലയുടെ ക്ലാസ് മുറികളും ഓഫീസും അങ്ങോട്ട് മാറ്റും.