മഞ്ചേരി: മഞ്ചേരിയില്‍ ഓട്ടോകള്‍ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതി.
ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും ഒരു വിഭാഗം ഓട്ടോകള്‍ കുറഞ്ഞ ചാര്‍ജ് 15 രൂപ വാങ്ങിക്കുന്നതായി പരാതിയുണ്ട്. മടക്കച്ചാര്‍ജ് ആറ് രൂപയുമാണ് ഈടാക്കി ത്തുടങ്ങിയത്. ഇത് യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് കൂലിപ്പണികഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരനില്‍നിന്ന് 500 രൂപ വാങ്ങി ബാക്കി നല്‍കാതെ പോയ ഓട്ടോക്കാരനെ പോലീസ് ഏറെ തിരച്ചിലിനുശേഷം കണ്ടെത്തുകയായിരുന്നു. യാത്രക്കാരന്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടിയത് കുറച്ചുനേരം പാണ്ടിക്കാട് റോഡില്‍ഗതാഗതം തടസ്സപ്പെടുത്തി. അനധികൃത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി അയഞ്ഞതോടെ വീണ്ടും അവ നിരത്തിലിറങ്ങിയിട്ടുണ്ട്.
ഉള്‍പ്രദേശങ്ങളിലേക്ക് ഓട്ടംവിളിച്ചാല്‍ വരാന്‍മടിക്കുന്നതും പലപ്പോഴും തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. ഇതുമൂലം രാത്രിയില്‍ ബസ്സിറങ്ങുന്ന സ്ത്രീകളടക്കം ബുദ്ധിമുട്ടുന്നുണ്ട്. മുനിസിപ്പല്‍ റോഡുകളുടെ ശോച്യാവസ്ഥയാണ് പലപ്പോഴും കാരണമായി പറയുന്നത്. മഞ്ചേരിയുടെ ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള യാത്രാമാര്‍ഗം ഓട്ടോറിക്ഷകള്‍ മാത്രമാണ്. 1600-ല്‍ അധികം ഓട്ടോകള്‍ മഞ്ചേരിയില്‍ സര്‍വീസ് നടത്തുന്നുണ്ട്.