മലപ്പുറം: വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് 15 മുതല്‍ കേരളത്തിലെ സിമന്റ് വ്യാപാരികള്‍ ഒന്നടങ്കം കടകളടച്ച് സമരം നടത്തുന്നു. ഇതിന് മുന്നോടിയായി 10-ാം തീയതി മുതല്‍ മൊത്ത വ്യാപാരികള്‍ സിമന്റ് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയും 'നോട്ടിഫൈഡ് ഗുഡ്‌സ്' ഇനത്തില്‍ സിമന്റിനെ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെയുമാണ് സമരമെന്ന് കേരള സിമന്റ് ഡീലേഴ്‌സ് അസോ. സംസ്ഥാന ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സംസ്ഥാനത്ത് വില്‍ക്കുന്ന സിമന്റിന് 13 ശതമാനം വാറ്റ് നികുതി അടക്കുന്നതാണ്. അതുമാത്രമല്ല, സംസ്ഥാനത്ത് ഒരു മാസം 8.5 ലക്ഷം ടണ്‍ സിമന്റ് ആവശ്യമാണ്. ഇതില്‍ അരലക്ഷം ടണ്‍ ഒഴികെ ബാക്കിയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതാണ്. ഇത് ചെക്ക്‌പോസ്റ്റുകളിലെത്തുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുന്നത് പതിവായി മാറിയതായും ഭാരവാഹികള്‍ ആരോപിച്ചു. കേന്ദ്ര നികുതി ഒടുക്കിവരുന്ന ഇവയെ അതിര്‍ത്തിയില്‍ തടയേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നതാണ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെ ദ്രോഹിക്കുകയാണ്. അനിശ്ചിതകാല കടയടപ്പ് സമരത്തോടെ മേഖല പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സക്കീര്‍ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് കെ. ഉമ്മര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ് ലായിക്ക്, ജില്ലാ സമരസമിതി കണ്‍വീനര്‍ മുഹമ്മദ് സബാഹ് എന്നിവര്‍ പങ്കെടുത്തു. 
 
Top