മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള വേദികള്‍ ഏറെക്കുറെ തീരുമാനമായെങ്കിലും പ്രഖ്യാപനം ചൊവ്വാഴ്ചയോടെയേ ഉണ്ടാകൂ. ചൊവ്വാഴ്ച വൈകീട്ട് നാലിന് മലപ്പുറത്ത് ചേരുന്ന പ്രോഗ്രാം കമ്മിറ്റി യോഗത്തിലായിരിക്കും വേദികള്‍ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടാണ് പ്രധാന വേദി. നേരെ എതിര്‍ വശത്തുള്ള എം.എസ്.പി സ്‌കൂള്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസുമാകും. ജില്ലാ പോലീസ് ഓഫീസിനോട് ചേര്‍ന്നുള്ള എം.എസ്.പി ഗ്രൗണ്ടില്‍ ഭക്ഷണവിതരണത്തിനുള്ള സൗകര്യമൊരുക്കും. കോട്ടക്കുന്നില്‍ രണ്ടാംവേദിയും കൂടാതെ അരങ്ങ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, ഡി.ടി.പി.സി ഹാള്‍, മുനിസിപ്പല്‍ ടൗണ്‍ഹാള്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്ഹാള്‍, സെന്റ് ജെമ്മാസ് ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ.ബോയ്‌സ്, ഗവ. ഗേള്‍സ്, എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍, എം.എസ്.പി സ്‌കൂള്‍ കൂട്ടിലങ്ങാടി, എം.എസ്.പി ഗ്രൗണ്ട് എന്നിവിടങ്ങളും വേദികളാവും.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് തിങ്കളാഴ്ചയോടെ ജില്ലാ പോലീസ് മേധാവി, ജില്ലാകളക്ടര്‍ എന്നിവരെ കണ്ട് അവസാനവട്ട വിലയിരുത്തലുകളും അനുമതിയും വാങ്ങിയ ശേഷമായിരിക്കും വേദികളുടെ പ്രഖ്യാപനമുണ്ടാകുകയെന്ന് കണ്‍വീനര്‍ എ.കെ. സൈനുദ്ദീന്‍ അറിയിച്ചു.
 
Top