മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം മലപ്പുറത്തിന്റെ മണ്ണില്‍ വിരുന്നെത്താന്‍ 65 ദിവസം കൂടി. കലോത്സവം ചരിത്ര സംഭവമാക്കാന്‍ മലപ്പുറം ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ജനവരി 14 മുതല്‍ 21 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ഏറ്റവും മികച്ച കലോത്സവമാക്കാന്‍ ജനപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് അധികൃതരും അധ്യാപക സംഘടനാ പ്രതിനിധികളും എല്ലാ സഹായവും വാഗ്ദാനം ചെയ്തുകഴിഞ്ഞു. കലോത്സവ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികള്‍ക്ക് ചുമതല വീതിച്ച് നല്‍കിയതോടെ ഇനിയുള്ള ദിനങ്ങള്‍ തിരക്കിന്‍േറതായിരിക്കും. 232 ഇനങ്ങളിലായി 12,000 ത്തിലധികം മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കും അതോടൊപ്പം എത്തുന്നവര്‍ക്കും വേണ്ട സൗകര്യങ്ങളൊരുക്കുകയെന്ന ഉത്തരവാദിത്വമാണ് മലപ്പുറത്തെ ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ളത്.
കലോത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പ്രധാന വേദിക്ക് കാല്‍നാട്ടല്‍, ലോഗോ പ്രകാശനം, സ്വര്‍ണക്കപ്പിന് വരവേല്‍പ്പ്, സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം, സ്വാഗതഗാന സി.ഡി പ്രകാശനം, പാചകശാല ഉദ്ഘാടനം, സാംസ്‌കാരിക സമ്മേളനം തുടങ്ങി ഒട്ടേറെ പരിപാടികള്‍ക്ക് ഇനി മലപ്പുറം സാക്ഷ്യംവഹിക്കും. വെള്ളിയാഴ്ച നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ജനപ്രതിനിധികളും അധ്യാപകരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു.