എടപ്പാള്‍: പ്രഖ്യാപനം വന്ന് 10 മാസത്തോളമായിട്ടും തണുത്തുകിടന്ന എന്‍.ആര്‍.എച്ച്.എമ്മിന്റെ (ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം) സ്‌കൂള്‍ ആരോഗ്യപരിപാടി കാര്യക്ഷമമാക്കുന്നു. മലപ്പുറം ജില്ലയില്‍ 200-ല്‍പ്പരം വിദ്യാലയങ്ങളില്‍ പ്രത്യേക ജീവനക്കാരെ നിയമിച്ച് നടപ്പാക്കുന്ന പദ്ധതിക്കുള്ള പരിശീലനം അവസാനഘട്ടത്തിലാണ്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പ്രാരംഭദശയില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനായാണ് പരിപാടിക്ക് രൂപംനല്‍കിയത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ക്കായി ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിച്ചിട്ടുണ്ട്. ഇവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചും സംവദിച്ചും പ്രശ്‌നങ്ങള്‍ മനസ്സിലാക്കും. തുടര്‍ന്ന് ചികിത്സയോ കൗണ്‍സലിങ്ങോ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കും.

കഴിഞ്ഞ അധ്യയനവര്‍ഷാവസാനം പദ്ധതി പ്രഖ്യാപിച്ച് ജില്ലയില്‍ 112 എയ്ഡഡും 100 ഓളം സര്‍ക്കാര്‍ സ്‌കൂളുകളും തിരഞ്ഞെടുത്തു. കുറച്ച് സ്ഥലങ്ങളിലേക്ക് ജെ.പി.എച്ച്.എന്‍മാരെയും നിയമിച്ചു. മറ്റിടങ്ങളില്‍ അതത് പി.എച്ച്.സികളിലെ നഴ്‌സുമാര്‍ പോയി പ്രവര്‍ത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനാവശ്യമായ മറ്റു സൗകര്യങ്ങളോ രജിസ്റ്ററോ ഹെല്‍ത്ത്കാര്‍ഡോ ഒന്നും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. മാത്രമല്ല ആസ്​പത്രിയിലെ ജോലിത്തിരക്കിനിടയില്‍ ഇവര്‍ക്ക് സ്‌കൂളിലെത്താന്‍ സമയവും ലഭിച്ചിരുന്നില്ല. ഈ പ്രശ്‌നംമൂലമാണ് 10 മാസത്തോളം പല വിദ്യാലയങ്ങളിലും പദ്ധതി നടപ്പാവാതിരിക്കാന്‍ കാരണം.

എന്നാല്‍, കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന എന്‍.ആര്‍.എച്ച്.എം യോഗം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് മാത്രമായി ഒരു കോ-ഓര്‍ഡിനേറ്ററെ നിയമിക്കാന്‍ നടപടിയായി. 96 വിദ്യാലയങ്ങളിലേക്ക് സ്‌പെഷല്‍ ജെ.പി.എച്ച്.എന്‍മാരെ നിയമിച്ചു. ശേഷിക്കുന്ന സ്ഥലങ്ങളിലേക്ക് ജെ.എച്ച്.ഐമാരുടെ സേവനവും ലഭ്യമാക്കും. ഇവര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്.
 
Top