അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം


മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി. ഗോപിയുടെ നിലപാടുകള്‍ക്കെതിരെ ചില അധ്യാപക സംഘടനകളുടെ രൂക്ഷ വിമര്‍ശം. സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിന് മുമ്പ് നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണിത്. ജില്ലയില്‍ നടന്ന ചില അധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ ഡി.ഡി.ഇ പക്ഷപാതപരമായി പെരുമാറിയെന്നാണ് കെ.എസ്.ടി.എയും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ ജി.എസ്.ടി.യുവും ആരോപിച്ചത്. ഡി.ഡി.ഇ യുമായി സഹകരിച്ച് കലോത്സവം നടത്തിക്കൊണ്ടുപോകുന്നതില്‍ കെ.എസ്.ടി.എക്ക് ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാനപ്രസിഡന്റ് പരമേശ്വരന്‍ യോഗത്തില്‍ പറഞ്ഞു. അക്കാദമിക് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന നിലപാടുകളാണ് രണ്ടുവര്‍ഷമായി ഡി.ഡി.ഇ കൈക്കൊള്ളുന്നത്. കേവലം ട്രാന്‍സ്ഫര്‍ ഡി.ഡി.ഇ ആയി അധഃപതിച്ചു- പരമേശ്വരന്‍ പറഞ്ഞു. ഡി.ഡി.ഇ വേദിയിലിരിക്കെയാണ് ഈ പരാമര്‍ശങ്ങള്‍ നേതാക്കള്‍ നടത്തിയതും.

ഡി.ഡി.ഇ നടത്തിയ അന്യായമായ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന നിലപാടാണ് ജി.എസ്.ടി.യു സംസ്ഥാനപ്രസിഡന്റ് ജെ. ശശിയും കൈക്കൊണ്ടത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജി.എസ്.ടി.യു സഹകരിക്കും. എന്നാല്‍ ഉപജില്ല, ജില്ലാകലോത്സവങ്ങളില്‍ ജി.എസ്.ടി.യു സഹകരിക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കലോത്സവത്തിന്റെ സംഘാടകസമിതിയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണദാസും ഡി.ഡി.ഇയുടെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ സംസാരിച്ചു.
 
Top