ഭൂരിപക്ഷം പേരും ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍
പൊന്നാനി: ശ്രീലങ്കയില്‍ എല്‍.ടി.ടിയുമായുള്ള ആഭ്യന്തരയുദ്ധം അവസാനിച്ച 2009നുശേഷം മൂന്നുവര്‍ഷത്തിനകം ഓസ്‌ട്രേലിയയിലേക്ക് കടന്ന ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ ഇരുപതിനായിരത്തിലേറെ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ശ്രീലങ്കന്‍ സ്വദേശിയും തമിഴ്‌നാട്ടില്‍ താമസക്കാരനുമായ ദിനേഷ്‌കുമാര്‍ പൊന്നാനി പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2006ല്‍ ചെന്നൈയിലെ വത്സരകപ്പത്ത് കെട്ടിടനിര്‍മ്മാണ ജോലിയുമായി കഴിയുമ്പോഴാണ് ദിനേഷ്‌കുമാര്‍ ശ്രീലങ്കന്‍ സ്വദേശി നിശാന്തുമായി പരിചയപ്പെടുന്നത്. നിശാന്തിന് മനുഷ്യക്കടത്തുസംഘവുമായി നേരത്തെ ബന്ധമുണ്ടെന്നും ഇയാള്‍ മുഖേന പലരും ഓസ്‌ട്രേലിയയിലേക്ക് കടന്നിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ദിനേശ്കുമാര്‍ തന്റെ ബന്ധുക്കളടക്കം 35-ഓളം പേരില്‍ നിന്ന് 35 ലക്ഷത്തോളം രൂപ സംഘടിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിനായി നിശാന്തിനെ ഏല്‍പ്പിച്ചു. മംഗലാപുരത്തുനിന്നും കൊല്ലത്തുനിന്നും കയറ്റിവിടാനാണ് ശ്രമിച്ചത്. പക്ഷേ, നടന്നില്ല. തുടര്‍ന്നാണ് പൊന്നാനിയില്‍ വന്ന ഇസാഖ് എന്നയാള്‍ മുഖേന ബോട്ട് വാങ്ങിയത്. ബോട്ട് പിടിയിലായതോടെ ചാവക്കാട് കടപ്പുറം വഴി കടത്തിവിടാനുള്ള പദ്ധതിയും പൊളിഞ്ഞു.
11 മുതല്‍ 15 വരെ ദിവസമാണ് ആളുകളെ കയറ്റി ഓസ്‌ട്രേലിയയിലെത്തിക്കാന്‍ ബോട്ട് യാത്രയ്ക്ക് ആവശ്യമായ സമയം. പാസ്‌പോര്‍ട്ടോ, മറ്റ് രേഖകളോ ഒന്നുമില്ലാതെ ഇങ്ങനെ കൊണ്ടുപോകുന്നവരെ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലന്റിലാണ് ഇറക്കുക. പിന്നീട് ബോട്ട് കടലില്‍ മുക്കുകയാണ് ചെയ്യാറുള്ളതത്രെ. ഇങ്ങിനെ ചെല്ലുന്നവരെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചാല്‍ തന്നെ കുറ്റകൃത്യങ്ങളൊന്നും ഇല്ലെങ്കില്‍ ഇവരെ ദീപുകളിലേക്ക് ജോലിക്ക് അയക്കാറാണത്രെ പതിവ്. കേരള തീരദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്ത് നടത്തുന്നതും ബോട്ടുകള്‍ വാങ്ങുന്നതും. ബോട്ടുകള്‍ സൗകര്യമായി നങ്കൂരമിടാനും മനുഷ്യക്കടത്തിന് ആളുകളെ കയറ്റാനും കൂടുതല്‍ സൗകര്യമുള്ളതിനാലാണ് സംഘം കേരളതീരം തിരഞ്ഞെടുക്കുന്നത്. ആഗസ്റ്റിന് ശേഷം രണ്ടിലേറെ ബോട്ടുകള്‍ ഇത്തരത്തില്‍ കൊല്ലത്തുനിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയതായും ദിനേശ്കുമാറിന്റെ മൊഴിയില്‍ പറയുന്നു. പൊന്നാനി എസ്.ഐ. കെ. നടരാജനും അഡീഷണല്‍ എസ്.ഐ. ഇ. സുധാകരനുമാണ് കേസ് അന്വേഷിക്കുന്നത്.