ദുബായ് യാത്രക്കാര്‍ വീണ്ടും പരാതി നല്‍കി


കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ കരാര്‍തൊഴിലാളികള്‍ യാത്രക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ അധികൃതരും എയര്‍പോര്‍ട്ട് അതോറിറ്റിയും രണ്ടുതട്ടില്‍. സംഭവം നിസ്സാരമാണെന്നും തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും എയര്‍ ഇന്ത്യ നിലപാടെടുക്കുമ്പോള്‍ വിമാനത്താവളത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന നിലപാടാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക്. ഇവരുടെ പിടിച്ചെടുത്ത പാസ്സുകള്‍ തിരിച്ചുനല്‍കില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അധികൃതര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനസുരക്ഷയെ തന്നെ ബാധിക്കുന്ന ഗൗരവതരമായ കുറ്റമായാണ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സംഭവത്തെ കാണുന്നത്. അതേസമയം എയര്‍ ഇന്ത്യയില്‍ നിന്നും സബ്കരാര്‍ ഏറ്റെടുത്ത കമ്പനികളുടെ തൊഴിലാളികള്‍ കൈക്കൂലി ആവശ്യപ്പെടുന്നതും വാങ്ങുന്നതും സ്ഥിരം സംഭവമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് എയര്‍ഇന്ത്യ സബ്കരാര്‍ നല്‍കിയ വിസ്‌ക്കാന്‍, ഗ്ലോബല്‍ എന്നീ കമ്പനികളുടെ നാല് കരാര്‍ തൊഴിലാളികള്‍ യാത്രക്കാരില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടാണ് ഇവരെ പിടികൂടിയത്. ഇതില്‍ വിസ്‌ക്കാന്‍ കമ്പനിയിലെ ജീവനക്കാര്‍ ഇത്തരം സംഭവങ്ങള്‍ക്ക് മുമ്പും പിടിയിലായിട്ടുണ്ട്. പണംവാങ്ങി ബാഗേജ് കടത്തിവിട്ട സംഭവത്തില്‍ കഴിഞ്ഞമാസം ഈ കമ്പനിയിലെ ജീവനക്കാര്‍ പിടിയിലായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് യുവാവിനെ അനധികൃതമായി സെക്യൂരിറ്റി ഏരിയയില്‍ കടത്തിവിട്ടതിന് ഇവരുടെ രണ്ട് ജീവനക്കാരായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിമാനത്താവളത്തില്‍ യാത്രക്കാരനെ ആക്രമിക്കുകയും ന്യൂമാന്‍ കവലയില്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും ചെയ്ത കുറ്റത്തിന് ഇവരുടെതന്നെ രണ്ട് ജീവനക്കാരെ കഴിഞ്ഞമാസം പിരിച്ചുവിട്ടിരുന്നു. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.

അതിനിടെ ബാഗേജ് ടാഗ് ചെയ്യുന്ന സ്ഥലത്തെ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് യാത്രക്കാര്‍ തന്നെ വീണ്ടും രംഗത്തെത്തി. ദുബായിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരാണ് പരാതി നല്‍കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കി.
 
Top