കുറ്റിപ്പുറം: അപകടഭീഷണിയുയര്‍ത്തി തുറന്നുകിടന്നിരുന്ന അഴുക്കുചാലുകള്‍ സ്ലാബിട്ട്മൂടാന്‍ പഞ്ചായത്ത് നടപടിതുടങ്ങി. റയില്‍വേസ്റ്റേഷന്‍ റോഡിനിരുവശത്തേയും അഴുക്കുചാലുകളാണ് സ്ലാബിട്ട് മൂടുന്നത്. മാസങ്ങളായി ഇവ തുറന്നുകിടക്കുകയായിരുന്നു.

അഴുക്കുചാലുകളില്‍ മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് രണ്ടരമാസം മുമ്പാണ് അഴുക്കുചാലിന് മുകളിലെ സ്ലാബുകള്‍ എടുത്തുമാറ്റിയത്. മാലിന്യങ്ങള്‍ നീക്കം ചെയ്തതിനുശേഷവും കാനകള്‍ സ്ലാബിട്ട് മൂടാത്തത് അപകടങ്ങള്‍ക്കിടയാക്കിയിരുന്നു. തുറന്ന് കിടക്കുന്ന കാനയില്‍ വാഹനങ്ങള്‍ ചാടുന്നത് പതിവായതോടെയാണ് സ്ലാബിട്ട്മൂടാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.

മലിനജലമൊഴുകുന്ന കാനകള്‍ സ്ലാബിട്ട് മൂടാത്തത് സമീപത്തെ കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതിനു പുറമെ കൊതുകുകള്‍ പെരുകുന്നതും നാട്ടുകാര്‍ക്ക് ദുരിതമായിരുന്നു. കാനയിലെ അഴുക്കുവെള്ളം വറ്റിച്ചശേഷം വശങ്ങള്‍ പടുത്തുയര്‍ത്തിയാണ് സ്ലാബിട്ട് മൂടുക.
 
Top