എടപ്പാള്‍: ശുകപുരം കുളങ്കര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടയില്‍ വീട്ടമ്മയുടെ ആറുപവന്‍ മാലകവര്‍ന്ന സംഭവത്തിലെ പ്രതിയെ പോലീസും പരാതിക്കാരിയും തിരിച്ചറിഞ്ഞു.
എടപ്പാള്‍ ശ്രീനിലയത്തില്‍ സേതുമാധവന്റെ ഭാര്യ സാവിത്രിയുടെ മാലയാണ് നഷ്ടപ്പെട്ടത്. തമിഴ്‌നാട് മധുരൈ കോറിപ്പാളയം സ്വദേശിനിയായ രശ്മി (19) യെയാണ് സാവിത്രി തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസം ബസ്‌യാത്രയ്ക്കിടെ തൃക്കാവിലെ തെക്കത്ത് രാജേഷിന്റെ കുഞ്ഞിന്റെ പാദസരം കവര്‍ന്നതിനെത്തുടര്‍ന്ന് ഈ യുവതിയെ ബസ്ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയും വായില്‍നിന്ന് പാദസരം കണ്ടെടുക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് പത്രങ്ങളില്‍ വന്ന യുവതിയുടെ ചിത്രം സാവിത്രി തിരിച്ചറിഞ്ഞിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ശനിയാഴ്ച പോലീസ് സാന്നിധ്യത്തിലും സാവിത്രി തിരിച്ചറിഞ്ഞു. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്ന സമയത്ത് കൃത്രിമമായി തിരക്കുണ്ടാക്കിയാണ് ആഭരണം കവര്‍ന്നതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചതോടെ ഇവര്‍ക്കെതിരെ കേസെടുത്തു.