
കുറ്റിപ്പുറം: മരുന്ന് കടകളില്‍ ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും കോട്ട് ധരിക്കാന്‍ മടി. സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ പുറത്തിറക്കിയ ഉത്തരവാണ് ഇനിയും ഫലപ്രദമായി നടപ്പാകാത്തത്.
ഫാര്‍മസിസ്റ്റുകള്‍ കോട്ട് (ഏപ്രണ്‍) ധരിക്കണമെന്ന നിര്‍ദേശം നേരത്തെ ഉള്ളതാണെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഫാര്‍മസി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫാര്‍മസി കൗണ്‍സില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മരുന്ന് കടകളില്‍ പരിശോധന നടത്തുകയും നിര്‍ബന്ധമായും കോട്ട് ധരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അധികൃതര്‍ പരിശോധന നടത്തിയ ഇടങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍ കോട്ട് ധരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കാനായിട്ടില്ല.
രോഗിയുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ഡോക്ടര്‍ക്കും രോഗിക്കും ഇടയിലുള്ള കണ്ണിയാണ് ഫാര്‍മസിസ്റ്റ്. മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് പലപ്പോഴും ഫാര്‍മസിസ്റ്റുകളെ തിരിച്ചറിയാന്‍ സാധിക്കാറില്ല. മരുന്ന് കഴിക്കേണ്ട വിധം അവരില്‍നിന്ന് ചോദിച്ച് മനസ്സിലാക്കാന്‍ മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് സാധിക്കാറില്ല. കടയിലെ മരുന്ന് എടുത്ത് നല്‍കുന്നവര്‍ പറയുന്ന ക്രമത്തിലാണ് പല രോഗികളും മരുന്ന് കഴിക്കുന്നത്. ഇതൊഴിവാക്കാനാണ് ഫാര്‍മസിസ്റ്റുകള്‍ കോട്ടും തിരിച്ചറിയല്‍കാര്‍ഡും ധരിക്കാന്‍ ഫാര്‍മസി കൗണ്‍സില്‍ രണ്ടുവര്‍ഷം മുമ്പ് ഉത്തരവിട്ടത്.