വളാഞ്ചേരി: വളാഞ്ചേരിയില്‍ ടെലഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ എ.ടി.എം സംവിധാനം, ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് എന്നിവയുള്‍പ്പെടെ എല്ലാം നിശ്ചലം. ബി,എസ്.എന്‍.എല്ലിന്റെ കീഴിലുള്ളവയാണ് ദിവസങ്ങളായി വളാഞ്ചേരിയില്‍ പ്രവര്‍ത്തനം മുടങ്ങിയത്.

ടൗണില്‍ കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന വളാഞ്ചേരി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് രണ്ടാഴ്ച മുമ്പ് മൂച്ചിക്കല്‍ അങ്ങാടിക്ക് സമീപം ടെലികോമിന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. അതോടുകൂടിയാണ് ബി.എസ്.എന്‍.എല്‍ വരിക്കാരുടെ കഷ്ടകാലവും തുടങ്ങിയത്. എക്‌സ്‌ചേഞ്ചിനുകീഴിലുള്ള എണ്ണായിരത്തോളം കണക്ഷനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുണ്ടായ കാലതാമസം പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പുതിയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെ ലാന്‍ഡ്‌ലൈനും മൊബൈലും എ.ടി.എമ്മും ബ്രോഡ്ബാന്റും പ്രവര്‍ത്തനരഹിതമായി. ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയിലാകാറുള്ളൂ. 

വൈദ്യുതി നിലയ്ക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍ കണക്ഷനുള്ള മൊബൈല്‍ ഫോണും ലാന്‍ഡ്‌ലൈനുമുള്‍പ്പെടെ നിശ്ചലമാകുന്നതും പതിവായിട്ടുണ്ട്. എക്‌സ്‌ചേഞ്ച് മാറ്റി സ്ഥാപിച്ചിടത്ത് ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാകാത്തതാണ് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
 
Top