തേഞ്ഞിപ്പലം: കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമില്ലെന്ന വെളിപ്പെടുത്തല്‍ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി. ഈ കോഴ്‌സ് ജയിച്ചവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് കോളേജുകളില്‍ അവസരം കിട്ടിയിരുന്നു. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം ഇനി കോഴ്‌സ് തുടരാനാകില്ലെന്നാണ് സര്‍വകലാശാലയും കോളേജ് അധികൃതരും ഇപ്പോള്‍ പറയുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന ബി.സി.എ കോഴ്‌സിന്റെ കാര്യത്തിലാണ് പ്രശ്‌നം. കോഴ്‌സ് കഴിഞ്ഞ പലരും സംസ്ഥാന പ്രവേശന പരീക്ഷയെഴുതി കാലിക്കറ്റിലെ കോളേജുകളില്‍ എം.സി.എ കോഴ്‌സിന് ചേര്‍ന്നു. ചേരുമ്പോള്‍ തന്നെ രേഖകള്‍ പരിശോധിച്ച് യോഗ്യതാ കോഴ്‌സിന്റെ അംഗീകാരം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ ഇത് ചെയ്യാതെയാണ് കോളേജുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത്. 

2011 നവംബറില്‍ എം.സി.എ കോഴ്‌സിന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുകയും ചെയ്തു. ഡിസംബര്‍ ആദ്യവാരത്തില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതാനിരിക്കെയാണ് ഇവര്‍ക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സര്‍വകലാശാല അറിയിച്ചത്. കോഴിക്കോട് മുക്കം കെ.എം.സി.ടി എന്‍ജിനിയറിങ് കോളേജില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഇങ്ങനെ പരീക്ഷയെഴുതാനാകാതെ ബുദ്ധിമുട്ടുകയാണ്. മറ്റ് ചില കോളേജിലും ഇതേ പ്രശ്‌നമുള്ള വിദ്യാര്‍ഥികളുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

കോഴ്‌സ് അംഗീകരിക്കണമെന്ന അപേക്ഷ പഠനബോര്‍ഡ് യോഗത്തിലെത്തിയപ്പോള്‍ സംസ്ഥാന സര്‍വകലാശാല നടത്തുന്ന കോഴ്‌സ് എന്ന നിലയില്‍ ആവശ്യമായ പരിഗണന നല്‍കണമെന്നായിരുന്നു തീരുമാനമുണ്ടായത്. എന്നാല്‍ ഫാക്കല്‍റ്റി യോഗം ഈ അപേക്ഷ അംഗീകരിച്ചില്ല. മറ്റ് സര്‍വകലാശാലകള്‍ നടത്തുന്ന ശാസ്ത്ര വിഷയങ്ങളിലെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ അംഗീകരിക്കേണ്ടതില്ലെന്ന അക്കാദമിക് കൗണ്‍സിലിന്റെ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ അംഗീകരിക്കാതിരുന്നത്.

കാലിക്കറ്റിന്റെ അംഗീകാരമില്ലാത്ത കോഴ്‌സില്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തന്നെയുള്ള കോളേജുകളില്‍ ഒരുവര്‍ഷമായി വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള എം.സി.എ കോഴ്‌സിലെ പ്രവേശനം മറ്റ് സര്‍വകലാശാലകളെല്ലാം ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിദ്യാര്‍ഥികളെ കോഴ്‌സില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ പഠനം നടത്തിയ ഒരുവര്‍ഷത്തിന് പുറമെ പുതിയ അധ്യയന വര്‍ഷം കൂടി ഇവര്‍ക്ക് നഷ്ടപ്പെടും.
 
Top