
പൊന്നാനി: ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിന് പൊന്നാനി തുറമുഖത്തുനിന്ന് മീന്‍പിടിത്ത ബോട്ടുവാങ്ങിയസംഭവത്തില്‍ നാലുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ശ്രീലങ്കന്‍ സ്വദേശിയും മനുഷ്യക്കടത്തിന്റെ സൂത്രധാരനുമായ തമിഴ്‌നാട് നാമക്കല്ലില്‍ താമസിക്കുന്ന ദിനേശ്കുമാര്‍ (27), കോയമ്പത്തൂര്‍ കുനിയമുത്തു സ്വദേശികളായ ഷംസുദ്ദീന്‍ (27), ഷാജഹാന്‍ (22), ഇസഹാഖ് (27), പൊന്നാനി സ്വദേശി കബീര്‍ (50) എന്നിവരെയാണ് പൊന്നാനി എസ്.ഐ. കെ. നടരാജന്‍, അഡീഷണല്‍ എസ്.ഐ. ഇ. സുധാകരന്‍ എന്നിവര്‍ അറസ്റ്റുചെയ്തത്. പ്രതി ഷംസുദ്ദീന്‍ തിരൂര്‍ സ്വദേശിയാണെങ്കിലും കോയമ്പത്തൂരിലാണ് താമസം.
ശ്രീലങ്കന്‍ സ്വദേശിയായ ദിനേശ്കുമാര്‍ ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിന് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥിക്യാമ്പുകളിലുള്ള ബന്ധുക്കളടക്കം 55 പേരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. 2012 ജൂണില്‍ കൊല്ലം ശക്തികുളങ്ങര തീരത്തുനിന്ന് നിരവധിപേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിവിട്ടു.
ശ്രീലങ്കന്‍ സ്വദേശി നിശാന്തിന്റെ സഹകരണത്തോടെ ബോട്ടില്‍ കയറ്റിവിടുന്നതിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി. ഇതിനിടെ ബോട്ടില്‍ നിന്ന് ചാടി ദിനേശ്കുമാര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചെന്നൈയില്‍ പോയി. ഇതോടെ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ പണം നല്‍കിയവര്‍ ദിനേശ് കുമാറിനെ പിടികൂടി. അങ്ങനെ ദിനേഷ് കുമാര്‍ കോയമ്പത്തൂരിലേക്ക് കടന്നു. അവിടെവെച്ച് ഇസഹാഖുമായി പരിചയപ്പെട്ടു. ഇസഹാഖിന്റെ കൂട്ടുകാരനായ ഷാജഹാനും ഷംസുദ്ദീനും ഒപ്പം കൂടി. പിന്നീടാണ് ഷംസുദ്ദീന്റെ തിരൂര്‍ ബന്ധംവെച്ച് പൊന്നാനിയില്‍നിന്ന് കബീര്‍ ഇടനിലക്കാരനായി മീന്‍പിടിത്ത ബോട്ട് വാങ്ങുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് അടുത്തദിവസം ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മൊഴിയെടുക്കുന്നതിനായി പോകും. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.