ഇത്തിരി വട്ടത്തിലുള്ള ചെറിയ മൈതാനത്ത് ഐസ്‌ക്രീംബോള്‍കൊണ്ട് ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളെ കാഴ്ചക്കാരായി ക്ഷണിച്ചുകൊണ്ടാണ് നായകന്‍ ശ്രീറാം ഡയലോഗ് തുടങ്ങിയത്. സൈക്കിള്‍ ടയര്‍ ഉരുട്ടി വണ്ടി വിളിച്ചെത്തുന്ന പ്രവീണും തട്ടത്തിന്‍ മറയത്തെ നാണവുമായി ഷംനയും അരങ്ങിലെത്തിയതോടെ രംഗം കൊഴുത്തു. തകര്‍പ്പന്‍ അഭിനയവുമായി ശ്രീറാമും കൂട്ടരും അരങ്ങ് വാണതോടെ സ്‌കൂള്‍ മുറ്റം കൈയടികളാല്‍ നിറഞ്ഞു. നാടകത്തിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായാണ് വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍ കലോത്സവത്തിന് ഒരുങ്ങുന്നത്. 

കഴിഞ്ഞ 20 വര്‍ഷമായി ഉപജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്മാരാണ് വട്ടംകുളം സ്‌കൂള്‍. കഴിഞ്ഞ ജില്ലാമേളയില്‍ മലയാള പദ്യം, ഇംഗ്ലീഷ് പദ്യം, മോണോ ആക്ട്, ശാസ്ത്രീയസംഗീതം, അക്ഷരശ്ലോകം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, ലളിതഗാനം, ദേശഭക്തിഗാനം, സംഘഗാനം എന്നിവയിലെല്ലാം വട്ടംകുളത്തെ കലാകാരന്മാര്‍ എ ഗ്രേഡ് നേടിയിരുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ആനപ്പൂട എന്ന കഥയെ അടിസ്ഥാനമാക്കി രചിച്ച നാടകമാണ് ശ്രീറാമും കൂട്ടുകാരും അരങ്ങിലെത്തിക്കുന്നത്. കഴിഞ്ഞ തവണ ഇംഗ്ലീഷ് പദ്യത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ നന്ദിത വിസ്മയയും സംസ്‌കൃതപദ്യത്തില്‍ ഒന്നാം സ്ഥാനം നേടിയ സാന്ദ്രയും ഇത്തവണയും വട്ടംകുളത്തിന്റെ വിജയപ്രതീക്ഷകളാണ്. നന്ദിതയും സായൂജ്യയും സാന്ദ്രയും അഞ്ജനയും നിഷയും കൃഷ്ണയും ആര്യയും സ്വരമാധുരി തീര്‍ക്കുന്ന സംഘഗാനത്തിലും ദേശഭക്തിഗാനത്തിലും വട്ടംകുളം സ്‌കൂള്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും വന്ദനയും കുച്ചുപ്പുടിയില്‍ കാവ്യശ്രീയും ഭരതനാട്യത്തില്‍ ശ്രേയയുമാണ് നൃത്ത ഇനങ്ങളില്‍ വട്ടംകുളത്തിന്റെ വിജയതാളങ്ങളാകുന്നത്.

മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് വട്ടംകുളം സ്‌കൂളിന്റെ വിജയക്കുതിപ്പിന് പിന്നിലെ ഊര്‍ജമെന്ന് പ്രഥമാധ്യാപിക ശോഭന പറഞ്ഞു. കലാവിഭാഗം കണ്‍വീനര്‍മാരായ വിജയയുടെയും ലളിതയുടെയും നേതൃത്വത്തിലാണ് വട്ടംകുളത്തെ കലാകാരന്മാര്‍ കലോത്സവത്തിന് ഒരുങ്ങുന്നത്. അധ്യാപകരായ പി.വി. വാസുദേവന്‍, കെ.എം. പരമേശ്വരന്‍, സി. സജി, വി. ഗീത, സി. കാഞ്ചന, പി.ടി.എ പ്രസിഡന്റ് നവാബ് എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
 
Top