മലപ്പുറം: മൂന്ന് മണിക്കൂര്‍...ഒരേ വേദിയില്‍ കുട്ടികള്‍ കരവിരുതിന്റെ മികവില്‍ നിര്‍മ്മിച്ചത് ആയിരക്കണക്കിന് ഉത്പന്നങ്ങള്‍.. മലപ്പുറം റവന്യുജില്ലാ ശാസ്‌ത്രോത്സവത്തിന്റെ പ്രവൃത്തിപരിചയം തത്സമയ മത്സര വേദി കുട്ടികളുടെ ഭാവനയുടെയും കരവിരുതിന്റെയും മികവ് വ്യക്തമാക്കി. പാവകള്‍ മുതല്‍ കട്ടിലും മേശയും വരെ കുട്ടികള്‍ ചുരുങ്ങിയ സമയത്തിനകം നിര്‍മ്മിച്ചു. സുഗന്ധം നിറച്ച് ചന്ദനത്തിരി നിര്‍മ്മാണം.. കളിമണ്ണില്‍ തീര്‍ത്തശില്പ ചാരുത, മരത്തിലും ലോഹത്തിലും ചിത്രപ്പണികള്‍, നിറക്കൂട്ടുകള്‍ നിറച്ച് ചിത്രങ്ങള്‍, മുത്തുകള്‍ കൊണ്ടുള്ളതും ചണം കൊണ്ടുള്ളതുമായ ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ , ഇലക്ട്രിക്കല്‍ വയറിങ്, കടലാസുകൊണ്ട് പൂവുകള്‍, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് മൂന്ന് മണിക്കൂറിനുള്ളില്‍ നിര്‍മ്മിച്ചത്. ക്ലാസ്മുറികള്‍ക്ക് പുറമേ പന്തലും തയ്യാറാക്കിയിരുന്നെങ്കിലും വെയിലിന്റെ കാഠിന്യം മത്സരാര്‍ത്ഥികളെ വലച്ചു. ചിലര്‍ക്ക് വെയിലത്തിരുന്ന് മത്സരിക്കേണ്ടിയും വന്നു.

തിരൂര്‍ക്കാട് എ.എം.എച്ച്.എസിലാണ് െൈഹസ്‌ക്കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി പ്രവൃത്തിപരിചയം തത്സമയ മത്സരം നടന്നത്. ഇരു വിഭാഗങ്ങളിലുമായി 17 ഉപജില്ലകളില്‍ നിന്ന് 2300 ലേറെ കുട്ടികളാണ് മത്സരിച്ചത്. 35 ഇനങ്ങളില്‍ ആയിരുന്നു മത്സരം. ഗണിത വിഭാഗത്തില്‍ ക്വിസ്, തത്സമയ മത്സരങ്ങള്‍ വടക്കാങ്ങര ടി.എസ്.എസില്‍ നടന്നു. ശാസ്ത്രനാടകം, ക്വിസ്, ടാലന്റ് സെര്‍ച്ച് എന്നീമത്സരങ്ങള്‍ മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസിലും നടന്നു.

മേളയുടെ ഉദ്ഘാടനം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മങ്കട ബ്ലോക്ക് പ്രസിഡന്റ് പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ജല്‍സീമിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ഇ പാത്തുമ്മകുട്ടി, ഡി.ഡി.ഇ കെ.സി. ഗോപി, യു.കെ. അബൂബക്കര്‍, സി.എച്ച്. മുഹമ്മദാലി, കെ.പി. ഷാഹിദ, കെ.പി. മുഹമ്മദാലി, കെ.എല്‍. ഷാജു എന്നിവര്‍ പ്രസംഗിച്ചു. മേള 16ന് സമാപിക്കും.
 
Top