പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ പിയറിന് വിള്ളല്‍. 34-ാമത്തെ ഷട്ടര്‍ താങ്ങിനിര്‍ത്തുന്ന തൂണിനാണ് വിള്ളല്‍.

നാലുമീറ്റര്‍ ഉയരവും 14 മീറ്റര്‍ വീതിയുമുള്ളതാണ് ഓരോ ഷട്ടറും. ഇങ്ങനെ ഇരുമ്പിന്റെ 70 ഷട്ടറുകളാണ് റഗുലേറ്ററിലുള്ളത്. തൂണിന്റെ മുകള്‍ ഭാഗത്താണ് വിള്ളല്‍ നാല്, ആറ്, എട്ട്, 19, 21, 28, 32, 37 ഷട്ടറുകള്‍ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ക്കും ചെറിയ തോതില്‍ വിള്ളലുണ്ട്.

ചമ്രവട്ടം പാലം യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് യഥേഷ്ടം മണലെടുപ്പ് നടന്നിരുന്ന പ്രദേശമായിരുന്നു ഇത്. ഇപ്പോള്‍ വന്നടിയുന്ന മണല്‍ വെള്ളം വന്നാല്‍ ഒലിച്ചു പോയിക്കൊണ്ടിരിക്കയാണ്. ഇതുകാരണം കോണ്‍ക്രീറ്റ് താഴ്ന്ന് ചെരിവ് വന്നതിനാലാകാം വിള്ളല്‍ സംഭവിക്കാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

പുതിയ ടെക്‌നോളജി അനുസരിച്ച് 20 മീറ്ററെങ്കിലും പൈലിങ് നടത്തി ഇരുമ്പ് ഷീറ്റ് ഇറക്കണം.

എന്നാല്‍ ഇവിടെ സമുദ്രനിരപ്പില്‍നിന്നും ഷട്ടറിന്റെ അറബിക്കടല്‍ ഭാഗത്ത് 6.7 മീറ്റര്‍ ആഴത്തിലും വടക്ക് ഭാഗത്ത് 2.9 മീറ്റര്‍ ആഴത്തിലുമാണ് ഇരുമ്പ് ഷീറ്റ് ഇറക്കിയിട്ടുള്ളത്. ഇതുകാരണം റഗുലേറ്ററിന് അടിയില്‍ മണ്ണിന് ഇളക്കം സംഭവിച്ചതാണ് വിള്ളലിന് കാരണമെന്ന് പറയുന്നു. ഹൈദരാബാദ് രാംകി കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണച്ചുമതല. എന്നാല്‍ എറണാകുളത്തെ കമ്പനിയാണ് ഇവര്‍ക്കുവേണ്ടി പ്രവൃത്തികള്‍ നടത്തിയത്.
 
Top