
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറത്തെ മിനിപമ്പയിലെ സുരക്ഷ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്നു. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളങ്ങളിലെ സുരക്ഷാസംവിധാനങ്ങളില്‍ ശനിയാഴ്ച ഹൈക്കോടതിയുടെ ഇടപെടലുണ്ടായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
തീര്‍ഥാടനകാലത്തിന്റെ ആദ്യദിനംതന്നെ അയ്യപ്പഭക്തന്‍ മുങ്ങിമരിച്ചിട്ടും ആവശ്യമായത്ര സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ തയ്യാറായിട്ടില്ല. കടവുകളില്‍ ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കാനും നടപടിയുണ്ടായിട്ടില്ല. അപകടമേഖല സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ പ്രഖ്യാപനങ്ങളുടെ കെട്ടഴിക്കുന്നതല്ലാതെ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മിനിപമ്പയില്‍ വെള്ളിയാഴ്ച അയ്യപ്പഭക്തന്‍ മുങ്ങിമരിച്ചതിനെത്തുടര്‍ന്നാണ് ഇടത്താവളങ്ങളിലെ സുരക്ഷാസംവിധാനങ്ങളില്‍ ഹൈക്കോടതി ഇടപെട്ടത്. സുരക്ഷാസംവിധാനങ്ങളൊരുക്കാത്തതാണ് അയ്യപ്പഭക്തന്‍ മുങ്ങിമരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സ്വമേധയാ ഹര്‍ജിയായി സ്വീകരിച്ചത്.
ഇത്തരം ഇടപെടലുകളുണ്ടായിട്ടും മിനിപമ്പയിലെ കുളിക്കടവില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കാനായിട്ടില്ല. രണ്ട് ലൈഫ് ഗാര്‍ഡുകളുണ്ടായിരുന്ന ഇവിടെ ഒരാള്‍ മാത്രമാണ് അധികമായെത്തിയിട്ടുള്ളത്. ഇവരുടെ ഡ്യൂട്ടിസമയം നിശ്ചയിച്ച് നല്‍കാന്‍പോലും അധികൃതര്‍ക്കായിട്ടില്ല. എട്ട് മണിക്കൂര്‍ ഡ്യൂട്ടിനല്‍കി മൂന്നുപേരെ വീതം നിയമിക്കുമെന്നാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നത്. നാലുപേരെക്കൂടി ഇവിടേക്ക് നിയമിച്ചതായി ടൂറിസം അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആരുമെത്തിയിട്ടില്ല.
ഞായറാഴ്ച നല്ല തിരക്കാണ് കടവുകളില്‍ അനുഭവപ്പെട്ടിരുന്നത്. മൂന്ന് ലൈഫ് ഗാര്‍ഡുള്ളതില്‍ ഒരാള്‍ ബോട്ട് എത്തിക്കുന്നതിനായി കുമരകത്തേക്ക് പോയി. രാത്രി ഡ്യൂട്ടികഴിഞ്ഞ് ഒരാള്‍ വിശ്രമത്തിലുമായതിനാല്‍ ഞായറാഴ്ചയെത്തിയ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്.
സുരക്ഷാ ഉപകരണമായ ലൈഫ് ബോയ്, രക്ഷാപ്രവര്‍ത്തനത്തിലുള്ള ബോട്ട് എന്നിവ എത്തിക്കുന്നതിനും സാധിച്ചിട്ടില്ല. അധികമായി പോലീസിനെ നിയോഗിച്ചിട്ടില്ല. ആവശ്യത്തിന് പോലീസിനെ നിയോഗിക്കാത്തതിനാല്‍ നിലവിലുള്ളവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്ന പരാതിയും പോലീസുകാര്‍ക്കുണ്ട്. അഗ്‌നിശമനസേനയുടെ സേവനവുമില്ല.