0


varthalokamകുറ്റിപ്പുറം: വ്യാജ സ്റ്റിക്കറുകള്‍ പതിച്ച് യാത്രക്കാരെ കൊള്ളയടിച്ച് ഓടിക്കൊണ്ടിരുന്ന ആറ് സ്വകാര്യബസ്സുകള്‍ കുറ്റിപ്പുറത്തും ഒരെണ്ണം വീതം തിരൂരങ്ങാടിയിലും ചങ്കുവെട്ടിയിലും നാലെണ്ണം മലപ്പുറത്തും മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. തിങ്കളാഴ്ച രാവിലെ കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡില്‍നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ പ്രധാനമായി പിടിയിലായത്. ജില്ലയിലാകെ 110 ബസ്സുകളാണ് പരിശോധിച്ചത്.
സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്എന്നീ സ്റ്റിക്കറുകള്‍ പതിച്ച് കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന 55 ബസ്സുകളുടെ രേഖകളാണ് ഇതില്‍ കുറ്റിപ്പുറത്ത് പരിശോധിച്ചത്. കുറ്റിപ്പുറത്ത് ആറെണ്ണമാണ് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് ഓടിയിരുന്നത്. "ലിമിറ്റഡ് സ്റ്റോപ്പ്" എന്ന് രേഖപ്പെടുത്തി സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസ്സിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അവ ഓര്‍ഡിനറി ബസ്സുകളാണെന്ന് ബോധ്യപ്പെട്ടത്. "സൂപ്പര്‍ഫാസ്റ്റ്"സ്റ്റിക്കര്‍പതിച്ച് സര്‍വീസ് നടത്തിയിരുന്നതും "സൂപ്പര്‍ ടൈം" എന്ന സ്റ്റിക്കറൊട്ടിച്ച ബസ്സുകളും പരിശോധനയില്‍ പിടികൂടി.
ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുള്ള ബസ് "ഫാസ്റ്റ് പാസഞ്ചര്‍" എന്ന് രേഖപ്പെടുത്തിയാണ് സര്‍വീസ് നടത്തിയിരുന്നത്. "സൂപ്പര്‍ ഫാസ്റ്റ്" എന്നെഴുതി സര്‍വീസ് നടത്തിയിരുന്ന ഒരു ബസ്സിന് യാതൊരുവിധ രേഖയുമുണ്ടായിരുന്നില്ല. അനധികൃതമായി പതിച്ച സ്റ്റിക്കറുകള്‍ കീറിക്കളയാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി.
ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റുമാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് തുറന്നുകാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സൂപ്പര്‍ഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. വിദ്യാര്‍ഥികളെ ഒഴിവാക്കാനും സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുന്നതിനുമായാണ് വ്യാജസ്റ്റിക്കറുകള്‍ പതിച്ച് സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. യഥാര്‍ഥ പെര്‍മിറ്റുകള്‍ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തി.
ഇത്തരത്തില്‍ സര്‍വീസ് നടത്തിയ ബസ്സുകളെക്കുറിച്ച് ആര്‍.ടി.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് കുറ്റിപ്പുറത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എം.വി.ഐ. ദിലീപ്കുമാര്‍, എ.എം.വി.ഐ. അരുണ്‍ എന്നിവര്‍ അറിയിച്ചു.
സൂപ്പര്‍ഫാസ്റ്റ് പെര്‍മിറ്റുണ്ടായിട്ടും ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റിക്കര്‍ പതിച്ച് സര്‍വീസ് നടത്തിയ ഒരു ബസ്സാണ് തിരൂരങ്ങാടിയില്‍ പിടികൂടിയത്. തൃശ്ശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സാണ് യാത്രക്കാരെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ സ്റ്റിക്കര്‍ മാത്രം പതിച്ചിട്ടുള്ളത്. അറിയാതെ കയറുന്നവര്‍ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജ് നല്‍കേണ്ടിവരും. ബസ്സിനെതിരെ നടപടിയെടുക്കാന്‍ ആര്‍.ടി.ഒക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ സംഘം തൃശ്ശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന 36 ബസ്സുകളില്‍ പരിശോധന നടത്തി. എം.വി.ഐ എം.പി അബ്ദുള്‍ സുബൈര്‍, എ.എം.വി.ഐമാരായ എം.കെ പ്രമോദ് ശങ്കര്‍, ടി. ഫൈസല്‍ എന്നിവരാണ് പരിശോധനയ്ക്കിറങ്ങിയത്.

Post a Comment

 
Top