മനുഷ്യശരീരം ഒരു യന്ത്രം പോലെയാണെന്ന് നാം പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാലോ കുറെയേറെ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറി തന്നെയാണ് മനുഷ്യശരീരം. ഉടമസ്ഥര്‍ നമ്മളാണെങ്കിലും നിയന്ത്രണം തലച്ചോറിനാണെന്നുമാത്രം. ചില യന്ത്രങ്ങളുടെ പ്രവര്‍ത്തനം നാം അറിഞ്ഞും ചിലതിന്റേത് നാമറിയാതെയുമാണെന്നത് അതിലും വിശേഷം !
നാം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചില ശരീരയന്ത്രങ്ങള്‍ അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കും. അതായത് ശ്വസനം, ദഹനം, ഹൃദയമിടിപ്പ് എന്നിവ പോലെ ചിലത്. കുറച്ച് നേരം ശ്വാസം പിടിച്ചു നില്‍ക്കുമ്പോഴേയ്ക്ക് നാമറിയാതെ ശ്വാസം വലിച്ചുപോകുന്നില്ലേ ?. അതുപോലെ ഭക്ഷണം കഴിക്കാതിരിക്കാം, കുറച്ച് മാത്രം കഴിക്കാം; നല്ലതും ചീത്തയും കഴിക്കാം അതൊക്കെ നമ്മുടെ ഇഷ്ടം എന്നാല്‍ വയറില്‍ ആഹാരമുണ്ടായാലും ഇല്ലെങ്കിലും ദഹനമെന്ന പ്രവൃത്തി അതാതു സമയത്ത് നടന്നുകൊണ്ടിരിക്കും. ആഹാരം വയറ്റിലുണ്ടെങ്കില്‍ നമ്മുടെ തടിക്ക് നല്ലത്. ഇല്ലെങ്കില്‍ ദഹനരസങ്ങള്‍ ആമാശയത്തെയും കുടലിനെയുമായിരിക്കും ദഹിപ്പിക്കുക. അള്‍സറും മറ്റ് ഉദരരോഗങ്ങളും ഫലം !
ഹൃദയമിടിപ്പും നമ്മുടെ അറിവോ സമ്മതമോ കൂടാതെയാണ് നടക്കുന്നത്. ഊണിലും ഉറക്കത്തിലും പ്രവൃത്തിയിലും വിശ്രമത്തിലും ഹൃദയമങ്ങനെ മിടിച്ചുകൊണ്ട് ശരീരമാസകലം രക്തം പമ്പ് ചെയ്ത് എത്തിക്കുന്നു. ഈ രക്തത്തിലൂടെയാണല്ലോ ശ്വാസകോശത്തില്‍ നിന്ന് പ്രാണവായുവും (ഓക്സിജന്‍) ചെറുകുടലില്‍ നിന്ന് പോഷകങ്ങളും മനുഷ്യശരീരത്തിലെമ്പാടും എത്തുന്നത്. വേണ്ടത് തരുന്നതുപോലെ വേണ്ടാത്തത് കളയുന്നതും ഈ രക്തയോട്ടം തന്നെയാണ് - കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശങ്ങളിലേക്കും ജലാംശം കലര്‍ന്ന മാലിന്യം ത്വക്കിലേക്കും വൃക്കകളിലേക്കും.
ശരീരയന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ പല രാസവസ്തുക്കളും ഉണ്ടാവുന്നുണ്ട്. രക്തത്തില്‍ കലര്‍ന്നൊഴുകുന്ന ഇവയെ അരിച്ചെടുത്ത് പുറത്തു തള്ളിയില്ലെങ്കില്‍ യന്ത്രത്തകരാറുകളും ഫാക്ടറിത്തകര്‍ച്ചയും ഉറപ്പാണ്. ഇതിനുള്ള അരിപ്പകളാണ് വൃക്കകള്‍. പയര്‍മണിയുടെ ആകൃതിയില്‍ വയറിന്റെ കീഴറ്റത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി ഈ അവയവം സ്ഥിതി ചെയ്യുന്നു. മനുഷ്യനിലും നട്ടെല്ലുള്ള മറ്റു ജീവികളിലും മാത്രമേ ഇതു കാണപ്പെടുന്നുള്ളൂ. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, രക്തത്തിലുള്ള മാലിന്യങ്ങളെ മൂത്രത്തിന്റെ രൂപത്തില്‍ നീക്കം ചെയ്യുന്നത് വൃക്കകളാണ്. മാലിന്യം വഹിക്കുന്ന രക്തത്തെ റീനല്‍ ധമനി വൃക്കയിലേക്കും ശുദ്ധീകരിച്ച രക്തത്തെ റീനല്‍ സിര തിരിച്ച് ഹൃദയത്തിലേക്കും കൊണ്ടുപോകുന്നു. ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ 20 ശതമാനവും വൃക്കകളിലൂടെ ഒഴുകി, അരിച്ച് ശുദ്ധമാക്കപ്പെടുന്നു.
ഇനി വൃക്കകള്‍ രക്തത്തില്‍ നിന്ന് ഇങ്ങനെ അരിച്ചെടുക്കുന്ന മാലിന്യങ്ങളേതൊക്കെയാണെന്ന് അറിയണ്ടേ ? യൂറിയ, യൂറിക് ആസിഡ്, ചില പ്രൊട്ടീനുകള്‍, ചില കോശങ്ങള്‍ എന്നിവയാണവ. ഓരോ ദിവസവും വളരെയേറെ അളവില്‍ ഇവയുണ്ടാവുന്നുണ്ട്. എന്നാല്‍ വൃക്കയില്‍ നിന്ന് മൂത്രത്തിന്റെ രൂപത്തില്‍ ഒന്നര - രണ്ട് ലിറ്റര്‍ മാത്രമേ പുറന്തള്ളപ്പെടുന്നുള്ളൂ. (ബാക്കി കുറെയൊക്കെ രക്തത്തില്‍ തന്നെയുണ്ടാകും) ഇത് മൂത്രനാളി വഴി മൂത്ര സഞ്ചിയിലെത്തുന്നു. അങ്ങനെ ആ മാലിന്യം പുറത്തുപോവുകയും ചെയ്യും. ശരീരത്തിനാവശ്യമുള്ള ജലാംശം നിലനിര്‍ത്തുന്നതും വൃക്കകളാണ്. ആവശ്യമായ അളവില്‍ അമ്ള - ക്ഷാരബാലന്‍സ് കാത്തുസൂക്ഷിക്കുന്നതിലും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിലും വൃക്കകള്‍ക്ക് പങ്കുണ്ട്. ഇതിനൊക്കെപുറമെ ചില സുപ്രധാന ഹോര്‍മോണുകളെയും വൃക്കകള്‍ ഉല്പാദിപ്പിക്കുന്നു.
വൃക്കകളോട് ബന്ധപ്പെട്ട് പറയുന്ന “ റീനല്‍ ”എന്ന വാക്കിനെ ചുറ്റിപ്പറ്റി ചില പുരാണങ്ങളുണ്ട്. ലത്തീന്‍ ഭാഷയിലെ “റെനെസ് ”എന്ന വാക്കിനര്‍ത്ഥം ഇംഗ്ളീഷില്‍ റെയ്ന്‍ അഥവാ കടിഞ്ഞാണ്‍ എന്നാണ്. ദൈവം മനുഷ്യന്റെ കടിഞ്ഞാണുകള്‍ ഇടയ്ക്കിടെ പരിശോധിക്കുമെന്ന് ബൈബിളില്‍ പറയുന്നുണ്ട്. ജൂതന്‍മാരുടെ വേദപുസ്തകം പറയുന്നത് മനുഷ്യന്റെ ഒരു വൃക്ക സദുപദേശവും മറ്റേത് ദുരുപദേശവും നല്‍കുന്നു എന്നാണ്. റെയ്ന്‍ എന്ന വാക്ക് ഷേക്സ്പിയറും തന്റെ രചനകളില്‍ പ്രയോഗിച്ചുകണ്ടിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് വൃക്കകളുടെ പ്രാധാന്യം പണ്ടുതൊട്ടേ മനുഷ്യന്റെ ചിന്തകളിലുണ്ട് എന്നാണ്. മനുഷ്യന് വൃക്കകള്‍ രണ്ടുണ്ടെങ്കിലും അതില്‍ ഒന്നു മാത്രമായാലും ജീവിച്ചുപോകാം എന്നതും വസ്തുതയാണ്. ഇത്രയ്ക്കുപകാരിയായ വൃക്കകളും രോഗബാധയുടെ ഭീഷണിയിലാണ് എന്നതാണ് കഷ്ടം. വൃക്കരോഗങ്ങളുടെ ചികിത്സയ്ക്കും പഠനത്തിനുമായി “ നെഫ്രോളജി ” എന്ന വൈദ്യവിഭാഗം തന്നെയുണ്ട്. നെഫ്രോളജിസ്റ്റ് അതിന്റെ വിദഗ്ധ ചികിത്സകനും
മൂന്നുകോടി ഇന്ത്യക്കാര്‍ പലതരം വൃക്കരോഗങ്ങളുള്ളവരാണത്രേ. അമേരിക്കയില്‍ പന്ത്രണ്ടുശതമാനം പുരുഷന്‍മാര്‍ക്കും ഏഴ് ശതമാനം സ്ത്രീകള്‍ക്കും വൃക്കയില്‍ കല്ലുണ്ടാകുന്ന രോഗമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വൃക്കരോഗികളുടെ എണ്ണം അതിലും കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. ചൂടുകൂടിയ കാലാവസ്ഥയില്‍ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്നതാണത്രെ ഇതിനു ഒരു കാരണം. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചും കല്ല് പോലെയുള്ള രോഗങ്ങള്‍ വരാനിടയുണ്ട്. എന്നാല്‍ ഒന്നുണ്ട്, സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കാണ് രോഗബാധ കൂടുതല്‍.
മനുഷ്യനുണ്ടായതുമുതലേ ഉള്ളതായതുകൊണ്ട് വൃക്കരോഗങ്ങളെക്കുറിച്ചുമുണ്ട് നേരത്തെ പറഞ്ഞപോലെ ചില പഴമ്പുരാണങ്ങള്‍.ഇന്ത്യ, ചൈന, ഗ്രീസ്, പേര്‍ഷ്യ, മെസപ്പട്ടോമിയ,റോമാ സാമ്രാജ്യം എന്നിവിടങ്ങളിലെ പുരാതനവൈദ്യ ഗ്രന്ഥങ്ങളില്‍ വൃക്കയെയും വൃക്കരോഗങ്ങളെയുംപറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.വൃക്കയിലെ കല്ലു മാറ്റുന്ന ലിത്തോട്ടമി ചികിത്സാരീതി പുരാതനകാലം തൊട്ടുണ്ടായിരുന്നു.
വൃക്കരോഗത്തിന് ആളും തരവും ഒന്നുമില്ല. വമ്പന്‍മാരെയും സാധാരണക്കാരെയും ഒരുപോലെ ഇത്പിടികൂടും. റഷ്യയിലെ സാര്‍ ചക്രവര്‍ത്തി, മഹാനായ പീറ്റര്‍, ജോര്‍ജ് ആറാമന്‍ രാജാവ്, ലൂയി പതിനാലാമന്‍, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ................ ഇനിയുമുണ്ട് വൃക്കരോഗങ്ങള്‍കൊണ്ട് വലഞ്ഞ മഹാന്‍മാര്‍. എറിഞ്ഞകല്ല് താഴെ വീഴുന്ന ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക് ന്യൂട്ടണും ഉണ്ടായിരുന്നു വൃക്കയില്‍ കല്ല് ! തീര്‍ന്നില്ല, രക്തചംക്രമണത്തെക്കുറിച്ച് നമ്മളെ പഠിപ്പിച്ച വില്യം ഹാര്‍വിയെയും വൃക്കയിലെ കല്ല് വല്ലാതെ വലച്ചിരുന്നു. നിങ്ങള്‍ക്ക് വൃക്കരോഗമുണ്ടെങ്കില്‍ മേല്‍ പറഞ്ഞവരില്‍ ഒരാളാണ് ഞാനും എന്ന് ഊറ്റംകൊള്ളാമെങ്കിലും അനുഭവിക്കേണ്ടത് അവനവന്‍ മാത്രമാണെന്ന് മറക്കണ്ട.
വൃക്കയെപ്പറ്റി കുറച്ചുകൂടി അറിഞ്ഞാല്‍ മാത്രമേ വൃക്കകളുടെ പണിയും പണിമുടക്കലും നമുക്ക് മനസ്സിലാവൂ. ആകൃതി കൊണ്ട് പയര്‍മണി പോലെയാണെങ്കിലും നാലിഞ്ചുനീളവും രണ്ടിഞ്ചുവീതിയും 120 - 170 ഗ്രാം തൂക്കവുമുള്ള ഈ കുഞ്ഞന്‍ അവയവം നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഒരുപാട് അദ്ധ്വാനിക്കുന്നുണ്ട്. ഉദരത്തിന്റെ താഴെയറ്റത്ത് നട്ടെല്ലിന് ഇരുവശത്തുമായി അല്പം കയറിയിറങ്ങിയാണ് രണ്ടു വൃക്കകളും സ്ഥിതിചെയ്യുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ വലതുവശത്തായതിനാല്‍ ആ ഭാഗത്തുള്ള വൃക്ക ഇടത് വശത്തുള്ള മറ്റേ വൃക്കയേക്കാള്‍ അല്പം ഇറങ്ങിയാണ് കാണപ്പെടുന്നത്. ഓരോ വൃക്കയ്ക്കും മുകളിലായി അഡ്രിനല്‍ ഗ്രന്ഥിയുണ്ട്. ഏറ്റവും താഴത്തെ വാരിയെല്ലുകള്‍ വൃക്കകളെ പൊതിഞ്ഞ് സംരക്ഷിക്കുന്നു. വാരിയെല്ലുകള്‍ക്കുള്ളിലുള്ള രണ്ട്കൊഴുപ്പ് പാളികള്‍ ഇവയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. വൃക്കകളുടെ പുറന്തോട് ദൃഢമായ നാരുകള്‍ കൊണ്ടുള്ളതായതിനാല്‍ അതും ഒരു സുരക്ഷയാണ്. ഇത്രയും ഭദ്രമായി കാത്തുസൂക്ഷിക്കപ്പെടുന്നതുകൊണ്ടുതന്നെ വൃക്കകള്‍ ശരീരത്തിന് എത്രമാത്രം വിലപ്പെട്ടതാണെന്ന് തെളിയുന്നുണ്ടല്ലോ. ആണ്‍ - പെണ്‍ ഭേദമനുസരിച്ച് വൃക്കകളുടെ തൂക്കം കൂടിയും കുറഞ്ഞും ഇരിക്കും. ഒത്ത തടിയുള്ള ഒരാളുടെ വൃക്കകള്‍ക്ക് കൂടുതല്‍ തൂക്കമുണ്ടാവും. പൊതുവെ എല്ലാവരിലും ഇടത്തേ വൃക്ക അല്പം വലുതായിരിക്കും. അപൂര്‍വ്വമായി, ഒറ്റ വൃക്ക മാത്രമായി ജനിക്കുന്നവരും ഉണ്ട്. ഓരോ വൃക്കയിലും പത്തുലക്ഷത്തോളം “നെഫ്രോണ്‍” എന്നു പേരുള്ള അരിപ്പകള്‍ ഉണ്ടായിരിക്കും. നേരിയ രക്തക്കുഴലുകള്‍ ചേര്‍ന്നുണ്ടാകുന്ന ഇവയാണ് വൃക്കയുടെ കലകള്‍ (ടിഷ്യൂ) ക്ക് രൂപം കൊടുക്കുന്നത്. കൃത്യം ഇവിടെ തന്നെയാണ് അവയുടെ പ്രവൃത്തി തടസ്സപ്പെടുത്തുന്ന രോഗവും ബാധിക്കുന്നത്
..
Post a Comment