* സ്ഥലം ഏറ്റെടുത്തു
* എസ്റ്റിമേറ്റിന് നടപടി തുടങ്ങി
മലപ്പുറം: മലപ്പുറം- കോട്ടയ്ക്കല്‍ റോഡില്‍ കോട്ടപ്പടി കടന്നാല്‍ കുടുങ്ങി റോഡ് മുതല്‍ വടക്കേമണ്ണ ജങ്ഷന്‍വരെ നാലുവരിപ്പാതയാക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തു. റോഡ് വീതികൂട്ടുന്നതിന് ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. നൂറാടി പാലത്തിന് ഇരുഭാഗങ്ങളിലുമുള്ള റോഡാണ് വീതികൂട്ടുന്നത്. 980 മീറ്റര്‍ നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. ആകെ 20 മീറ്റര്‍ വീതി ഉണ്ടാകും. ഇതില്‍ മൂന്നര മീറ്റര്‍ വീതിയിലുള്ള നാല് വരിപ്പാത നിര്‍മിക്കും. ഒന്നര മീറ്റര്‍ വീതിയില്‍ ഡിവൈഡറും അഞ്ച് അടി വീതിയില്‍ നടപ്പാതയും നിര്‍മിക്കും. കൊളത്തൂര്‍ റോഡും തിരൂര്‍ റോഡും ചേരുന്ന വടക്കേമണ്ണയില്‍ ട്രാഫിക് അയലന്റ് നിര്‍മിക്കും. നാലുവരിപ്പാത നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അധികൃതര്‍ പറഞ്ഞു. നിലവില്‍ ഈ റോഡ് വീതികുറവാണ്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയായതിനാല്‍ റോഡ് വീതികൂട്ടണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നിരുന്നു. നൂറാടി പാലം പുനര്‍നിര്‍മിച്ച സമയത്താണ് അനുബന്ധ റോഡ് വികസനപദ്ധതിയും മുന്നോട്ടുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പൊതുമരാമത്ത് വകുപ്പിന് സ്ഥലം കൈമാറിക്കിട്ടയത്. റോഡ് വികസിപ്പിക്കുന്ന ഭാഗത്ത് റോഡരികിലെ പാര്‍ക്കിങ് ഒഴിവാക്കുന്നതിന് നടപ്പാത ഉയരത്തിലാണ് നിര്‍മക്കുകയെന്നും അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം കോട്ടപ്പടിയില്‍ ബൈപ്പാസ് റോഡ് ചേരുന്നിടത്തുനിന്ന് കോട്ടയ്ക്കല്‍ റോഡ് വികസിപ്പിക്കുന്നതിനും ആലോചനയുണ്ട്. മലപ്പുറത്തുനിന്ന് കോട്ടയ്ക്കലിലേക്ക് പോകുമ്പോള്‍ ഇടതുഭാഗത്ത് അഞ്ച് മീറ്റര്‍ വീതികൂട്ടാനുള്ള നടപടികളും തുടങ്ങുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മുമ്പ് സ്ഥലം എറ്റെടുക്കാന്‍ കഴിഞ്ഞാല്‍ താത്കാലികമായി വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കാന്‍ കഴിയുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.