* പ്രവര്‍ത്തന കലണ്ടര്‍ പ്രസിദ്ധീകരിച്ചു 
* നിശ്ചിത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ക്ക് സബ്‌സിഡി 
* മേല്‍നോട്ടം വാര്‍ഡുതല ശുചിത്വകമ്മിറ്റികള്‍ക്ക് 
* 2013 ജനവരി 15 ഓടെ പദ്ധതി പൂര്‍ത്തീകരണം ലക്ഷ്യം 

പെരിന്തല്‍മണ്ണ: മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിന് പെരിന്തല്‍മണ്ണ നഗരസഭ സമഗ്ര ഗാര്‍ഹിക മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നു. പ്രധാന ഗാര്‍ഹിക മാലിന്യ സംസ്‌കരണ ഉപാധികള്‍ക്ക് വാര്‍ഡുകള്‍ തോറും ഗുണഭോക്താക്കളെ കണ്ടെത്തുകയും പ്രവര്‍ത്തന കലണ്ടറിലൂടെ ലക്ഷ്യം കൈവരിക്കുകയും ചെയ്യുകയാണ് പദ്ധതി. പൂര്‍ത്തിയാവുന്നതോടെ മാലിന്യം വഴിയില്‍ തള്ളുന്നവരില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കുന്നതിനും നഗരസഭ തീരുമാനിച്ചു. 1800 രൂപ ചെലവ് വരുന്ന റിങ് കമ്പോസ്റ്റ്, 1000 രൂപയോളം വരുന്ന പൈപ്പ് കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് എന്നിവക്ക് 90 ശതമാനം സബ്‌സിഡി നല്‍കും. ഏഴായിരം രൂപ വരുന്ന ബയോഗ്യാസ് പ്ലാന്റിന് 75 ശതമാനവും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളുകള്‍ക്ക് 50 ശതമാനവും സബ്‌സിഡി നല്‍കും. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള വാര്‍ഡ് ശുചിത്വ കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ടം. വീടുകള്‍ക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം അടച്ച് വാര്‍ഡ് ശുചിത്വ കമ്മിറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും.

20 ന് തുടങ്ങി 2013 ജനവരി 15 ന് പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്. 20 ന് മുമ്പ് 15 അംഗ വാര്‍ഡ് തല ശുചിത്വ കമ്മിറ്റി രൂപവത്കരിക്കണം. കൗണ്‍സിലര്‍ ചെയര്‍മാനും മറ്റൊരാള്‍ കണ്‍വീനറുമായാണ് കമ്മിറ്റി. 27 ന് മുമ്പ് വീടുകള്‍ തോറും അപേക്ഷാ ഫോമുകള്‍ എത്തിക്കണം. ഓരോ വീടിനും യോജിക്കുന്ന സംസ്‌കരണരീതി കമ്മിറ്റി നിര്‍ദേശിക്കണം. 30 ന് മുമ്പ് അപേക്ഷ പൂരിപ്പിച്ച് വാങ്ങണം. ഡിസംബര്‍ ഏഴിനകം അപേക്ഷകള്‍ ക്രോഡീകരിച്ച് ലിസ്റ്റ് ആക്കും. 10 നകം ലിസ്റ്റ് നഗരസഭയില്‍ സമര്‍പ്പിക്കും. ലിസ്റ്റ് കൗണ്‍സില്‍ അംഗീകാരത്തോടെ 15 ന് മുമ്പ് ശുചിത്വമിഷന് സമര്‍പ്പിക്കും. ശുചിത്വമിഷന്‍ അംഗീകാരം ലഭിച്ച് ഗുണഭോക്തൃ വിഹിതം വാര്‍ഡ് കമ്മിറ്റി പിരിച്ചെടുത്ത് 25 ന് മുമ്പ് നഗരസഭയില്‍ അടവാക്കും. 2013 ജനവരി 15 ന് മുമ്പ് പ്ലാന്റുകള്‍ സ്ഥാപിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയാറാക്കിയിട്ടുള്ളത്.
 
Top