
മലപ്പുറം: നഗരത്തെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കടലുണ്ടിപ്പുഴ... എങ്ങും നിറഞ്ഞ പച്ചപ്പ്. പാടങ്ങള്‍ നിറഞ്ഞ നാട്ടിന്‍പുറങ്ങള്‍. തെങ്ങിന്‍ തോപ്പുകള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ നീണ്ടനിര. തലങ്ങും വിലങ്ങുമുള്ള നിരത്തുകളും അതിലൂടെ ഓടുന്ന വാഹനങ്ങളും. അവിസ്മരണീയമാണ് മലപ്പുറത്തിന്റെ ആകാശക്കാഴ്ച... ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സിന്റെ ഹെലിടാക്‌സിയിലാണ് മലപ്പുറത്തുകാര്‍ക്ക് ഈ ദൃശ്യവിരുന്നിന് അവസരമൊരുക്കിയത്.
കുന്നുമ്മലിലെ ഹെലിപാഡില്‍ നിന്നാണ് യാത്ര തുടങ്ങുക. പൊടിപറത്തി വലിയ ശബ്ദത്തോടെ ഹെലികോപ്റ്റര്‍ പറന്നുയരുന്നതോടെ തുടങ്ങുന്ന കാഴ്ചകള്‍ 10 മിനിറ്റ് തുടരും. നഗരത്തെചുറ്റി യാത്ര അവസാനിക്കും. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്, കോട്ടപ്പടി ജങ്ഷന്‍, സ്റ്റേഡിയം, സിവില്‍സ്റ്റേഷന്‍ വളപ്പ്, കുന്നുമ്മല്‍ ജങ്ഷന്‍ ഇവയുടെ മുകളിലൂടെ ഒരു പറക്കല്‍. കൂട്ടിലങ്ങാടിയും മേല്‍മുറിയും കിഴക്കേത്തലയും മുണ്ടുപറമ്പും ചുറ്റി തിരിച്ച് കോട്ടക്കുന്നിന്റെ മുകളിലേക്ക് തന്നെ. ആകാശക്കാഴ്ചയില്‍ കോട്ടക്കുന്ന് ഒരു തളികത്തട്ട് പോലെ വ്യക്തവും മനോഹരവുമാണ്. മലപ്പുറത്തുകാര്‍ക്ക് വിമാനയാത്ര അത്ര പുതുമയല്ലെങ്കിലും ഹെലികോപ്റ്റര്‍ യാത്ര പതിവില്ല. നിശ്ചിത ഉയരത്തില്‍ മാത്രം പറക്കുന്നതിനാല്‍ കാഴ്ചകള്‍ നന്നായി കാണാന്‍ കഴിയുമെന്ന് യാത്രക്കാര്‍ പറയുന്നു.
ഒമ്പതാംതീയതി വരെ മലപ്പുറത്തുകാര്‍ക്ക് ഹെലികോപ്റ്റര്‍ സവാരി നടത്താന്‍ അവസരമുണ്ട്. 2,900 രൂപയാണ് ഒരാള്‍ക്ക് യാത്രചെയ്യാനുള്ള ഫീസ്. ഒരു തവണ പൈലറ്റിനെക്കൂടാതെ ആറുപേര്‍ക്കുവരെ യാത്ര ചെയ്യാം. രണ്ടുവയസ്സ് വരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിടാക്‌സി സര്‍വീസ് ആരംഭിച്ചത്. ഡി.ടി.പി.സി സെക്രട്ടറി ഇന്‍ ചാര്‍ജ് രാമചന്ദ്രന്‍ യാത്ര ഉദ്ഘാടനംചെയ്തു. എം.കെ. മുഹസിന്‍, മറ്റ് ഡി.ടി.പി.സി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജലന്ധര്‍ സ്വദേശി ബിന്ദ്രയാണ് പൈലറ്റ്. ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സ് അസി. ഡയറക്ടര്‍ സഫര്‍ അഹമ്മദ്, ഡി.ജി.എം ജയ്‌പോള്‍ എന്നിവരാണ് യാത്ര നിയന്ത്രിക്കുന്നത്.
Post a Comment