പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന 'പൈക്ക' സംസ്ഥാന കായികമേളയില്‍ ആണ്‍, പെണ്‍ ഖൊ-ഖൊ മത്സരങ്ങളില്‍ മലപ്പുറവും പാലക്കാടും ഫൈനലിലെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 പോയന്റിന് തിരുവനന്തപുരത്തെ തോല്‍പ്പിച്ചാണ് പാലക്കാട് ഫൈനലിലെത്തിയത്. തൃശ്ശൂരിനെ ഒരു പോയന്റിന് പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിന് അര്‍ഹതനേടിയത്.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശ്ശൂരിനെ അഞ്ച് പോയന്റിന് തോല്‍പ്പിച്ച് പാലക്കാടും തിരുവനന്തപുരത്തെ മൂന്ന് പോയന്റിന് തോല്‍പ്പിച്ച് മലപ്പുറവും ഫൈനലിലെത്തി.

ആണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ തൃശ്ശൂരിനെ(30-17) പരാജയപ്പെടുത്തി കോഴിക്കോടും ആലപ്പുഴയെ(44-35) തോല്‍പ്പിച്ച് മലപ്പുറവും തിരുവനന്തപുരത്തെ(37-34) തോല്‍പ്പിച്ച് പാലക്കാടും കോട്ടയത്തെ (19-3) തോല്‍പ്പിച്ച് കാസര്‍കോടും സെമിഫൈനല്‍ യോഗ്യത നേടി. പെണ്‍കുട്ടികളുടെ കബഡിയില്‍ പാലക്കാടിനെ(23-41) തോല്‍പ്പിച്ച് കൊല്ലം, തിരുവനന്തപുരത്തെ (32-05) തോല്‍പ്പിച്ച് തൃശ്ശൂര്‍, ആലപ്പുഴയെ (48-47) തോല്‍പ്പിച്ച് മലപ്പുറം, എറണാകുളത്തെ (55-25) തോല്‍പ്പിച്ച് കോട്ടയം ടീമുകള്‍ സെമിയില്‍ കടന്നു.

ആണ്‍കുട്ടികളുടെ വോളിബോളില്‍ തൃശ്ശൂര്‍, കാസര്‍കോട്, പാലക്കാട്, കോട്ടയം, ഇടുക്കി, എറണാകുളം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പെണ്‍കുട്ടികളുടെ വോളിബോളില്‍ പാലക്കാടിനെ തോല്‍പ്പിച്ച് കോഴിക്കോടും തൃശ്ശൂരിനെ തോല്‍പ്പിച്ച് കണ്ണൂരും മലപ്പുറത്തെ തോല്‍പ്പിച്ച് എറണാകുളവും കോട്ടയത്തെ തോല്‍പ്പിച്ച് തിരുവനന്തപുരവും സെമി ഫൈനലിലെത്തി. ഞായറാഴ്ച രാവിലെ 6.30ന് മത്സരങ്ങള്‍ തുടങ്ങും.

കായികമേള നഗരവികസനകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്തു. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു അധ്യക്ഷതവഹിച്ചു. മുന്‍മന്ത്രി നാലകത്ത് സൂപ്പി, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, പെരിന്തല്‍മണ്ണ നഗരസഭാ അധ്യക്ഷ നിഷി അനില്‍രാജ്, ഉപാധ്യക്ഷന്‍ എം. മുഹമ്മദ് സലീം, ബ്ലോക്ക് പ്രസിഡന്റുമാരായ പി.കെ. അബൂബക്കര്‍ ഹാജി, പി. ഉസ്മാന്‍, പച്ചീരി ഫാറൂഖ്, കാട്ടുങ്ങല്‍ നസീറ, വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, പ്രധാനാധ്യാപിക വി. ജമീല, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്.കെ. ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Top