കോട്ടയ്ക്കല്‍: കാറില്‍ തട്ടി നിര്‍ത്താതെ കടന്ന ബസ്സിനെ കാര്‍യാത്രികര്‍ പിന്തുടര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ് ബസ്സാണ് ചങ്കുവെട്ടിയില്‍ വെച്ച് കാര്‍യാത്രികരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്.
ചെനക്കലില്‍ വെച്ച് മുന്‍പേ സഞ്ചരിച്ചിരുന്ന കാറിന്റെ പിറകില്‍ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ബസ് തടഞ്ഞതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ പതിനഞ്ച് മിനുട്ട് ഗതാഗതം മുടങ്ങി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കി.