മലപ്പുറം: കലോത്സവത്തിന്റെ ലഹരിയിലേക്ക് നീങ്ങുന്ന മലപ്പുറത്ത് അതിനുമുമ്പേ ക്രിക്കറ്റിന്റെ ആവേശദിനങ്ങള്‍. രഞ്ജിട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ഹോം മത്സരങ്ങള്‍ക്ക് ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ തുടക്കമാകും. പ്ലേറ്റ് ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം കളിക്കുന്ന കേരളത്തിന് അസമാണ് എതിരാളികള്‍. മത്സരത്തിനുള്ള കേരള ടീം ഞായറാഴ്ച രാവിലെ പെരിന്തല്‍മണ്ണയിലെത്തി. അസം ടീം ബുധനാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

ധര്‍മശാലയില്‍ ഹിമാചല്‍പ്രദേശിനെതിരെയുള്ള മത്സരം കഴിഞ്ഞാണ് കേരള ടീം പെരിന്തല്‍മണ്ണയിലെത്തിയത്. ഗോവയില്‍ അണ്ടര്‍-25 മത്സരം കളിക്കുന്ന സച്ചിന്‍ ബേബിയും സഞ്ജു സാംസണും ടീമിനൊപ്പെം എത്തിയിട്ടില്ല. ഗോവയിലെ മത്സരം കഴിഞ്ഞ് ഇരുവരും ടീമിനൊപ്പം ചേരുമെന്ന് ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തിയ കേരള ടീം പരിശീലനം നടത്തി. 

പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ക്യുറേറ്റര്‍ മോഹനന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാനഘട്ടത്തിലാണ്. പതിവുപോലെ കളിയുടെ തുടക്കത്തില്‍ പേസ് ബൗളര്‍മാരെയും പിന്നീട് ബാറ്റ്‌സ്മാന്‍മാരെയും തുണയ്ക്കുന്ന പിച്ച് തന്നെയാകും പെരിന്തല്‍മണ്ണയിലേത്. പുതിയ പവലിയന്‍ അടക്കമുള്ള സൗകര്യങ്ങളോടെയാണ് പെരിന്തല്‍മണ്ണ സ്റ്റേഡിയം ഇത്തവണത്തെ രഞ്ജി മത്സരങ്ങളെ വരവേല്‍ക്കുന്നത്.
 
Top