
മഞ്ചേരി: പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡ് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുകൊടുക്കണമെന്ന് പൊതുജനകൂട്ടായ്മ
കോടികള്‍ മുടക്കി നിര്‍മിച്ച സ്റ്റാന്‍ഡ് ബസ് കയറി ഇറങ്ങിപ്പോകുന്ന വെറും സ്റ്റോപ്പ് പോലെയാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വകാര്യബസ്സുകള്‍ പാര്‍ക്ക്‌ചെയ്യാന്‍ വിസമ്മതിച്ചാല്‍ മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ബസ് ഡിപ്പോയ്ക്ക് വിട്ടുനല്‍കണമെന്നാണ് വാദം. 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ കച്ചേരിപ്പടി സ്റ്റാന്‍ഡ് വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. മൂന്ന് സ്റ്റാന്‍ഡുകളില്‍ കയറിയിറങ്ങാനാവില്ലെന്ന സ്വകാര്യബസ്സുടമകളുടെ ആവശ്യത്തിന് നഗരസഭ വഴങ്ങിയതോടെയാണ് നാട്ടുകാര്‍ രംഗത്തുവന്നത്. പ്രതിഷേധസമരത്തിന്റെ മുന്നോടിയായി ഞായറാഴ്ച സ്റ്റാന്‍ഡ് പരിസരത്ത് യോഗം ചേര്‍ന്നു. വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളടക്കം നൂറോളം പേര്‍ പങ്കെടുത്തു.
കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡിലേക്ക് പഴയ ബസ്സ്റ്റാന്‍ഡിലുള്ള എല്ലാ ബസ്സുകളും മാറ്റുക, പഴയ സ്റ്റാന്‍ഡ് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുനല്‍കുക, ചെങ്ങണ ബൈപ്പാസിലെ ചക്കുംകുളം ഭാഗത്തുകൂടെ പുതിയ സ്റ്റാന്‍ഡിക്കേ് ലിങ്ക് റോഡ് നിര്‍മിക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാലുറോഡിലെയും അനുബന്ധറോഡുകള്‍ വീതികൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
സ്ഥലം ബസ്സ്റ്റാന്‍ഡിന് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭൂമി തിരിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്ന് നഗരസഭയ്ക്ക് സ്ഥലം വിട്ടുകൊടുത്ത അഡ്വ. ടി.കെ. റഫീഖ് പറഞ്ഞു.
സ്റ്റാന്‍ഡ് വിഷയത്തില്‍ നഗരസഭയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ് ആവശ്യപ്പെട്ടു.
എന്‍. മുഹമ്മദ്, ജയപ്രകാശ് കാമ്പുറം, സായിറാം, പി. കെ. അഷ്‌റഫ്, സി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.