എടപ്പാള്‍: പൊന്നാനി കോള്‍മേഖലയിലെ നൂറടിത്തോട്ടില്‍ കവുങ്ങും മുളയും ഉപയോഗിച്ച് ബണ്ടുപോലെ കെട്ടി(ചീനല്‍) അനധികൃതമായി നടത്തുന്ന മീന്‍പിടിത്തം പുഞ്ചക്കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ആലങ്കോട്, നന്നംമുക്ക്, വെളിയങ്കോട്, എടപ്പാള്‍ പഞ്ചായത്തുകളിലുള്‍പ്പെടുന്ന 2900 ഏക്കര്‍ പുഞ്ചപ്പാടത്ത് കൃഷിചെയ്യുന്ന ആയിരത്തോളം കര്‍ഷകരുടെ പ്രശ്‌നമാണിത്. ചീനല്‍ കെട്ടുന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് കുറയും എന്നതാണ്പ്രശ്‌നം.
കോള്‍ പാടത്ത് ചീനല്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് ജില്ലാകളക്ടര്‍ നിരോധിച്ചതാണ്. ചീനല്‍ എടുത്തുമാറ്റണമെന്ന് കൃഷി അസി. ഡയറക്ടര്‍ അടക്കം പലവട്ടം മീന്‍പിടിക്കുന്നവരോട് ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ നിയമവിരുദ്ധമായി കെട്ടിയുണ്ടാക്കുന്ന ചീനല്‍ മൂലം വെള്ളം ഒഴിഞ്ഞുപോകാത്തതിനാല്‍ കൃഷിയിറക്കാനാവാതെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കാന്‍ ആരും രംഗത്തുവരുന്നില്ല.
കാട്ടകാമ്പാല്‍ പഴഞ്ഞി കൂട്ടുകൃഷി സഹകരണസംഘം, താമരക്കോള്‍, ചീറ്റേത്താഴം, പാറക്കുഴി, ചെറവല്ലൂര്‍, തെക്കെക്കെട്ട്, ആലാപ്പുറം, പട്ടിശ്ശേരി, സംയുക്തകോള്‍, പുറങ്കോള്‍ എന്നീ കോള്‍ പടവുകളിലാണ് വെള്ളം കൂടുതലായതുകൊണ്ട് പമ്പിങ് തുടങ്ങാനാകാതെ കര്‍ഷകര്‍ കുടുങ്ങിയിരിക്കുന്നത്. എടപ്പാള്‍ പഞ്ചായത്തിലെ അന്താളംചിറ, കണ്ണേങ്കായല്‍, എന്നീ കോള്‍പടവുകളില്‍ രണ്ടടിയിലേറെ വെള്ളംപൊങ്ങിയിരുന്നു. കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്ന് ശനിയാഴ്ച ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഇവിടെ വെള്ളം താഴ്ന്നിട്ടുണ്ട്.
എന്നാല്‍ ഉപ്പുങ്ങല്‍ കടവ്, നരണിപ്പുഴ, തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നൂറടിത്തോടില്‍ ചീനലുകള്‍ കെട്ടിയതിനാല്‍ മറ്റു കോളുകളില്‍ നിന്ന് വെള്ളം ബിയ്യം കെട്ടിനടുത്തെത്തുന്നില്ല. ചില പഞ്ചായത്തുകള്‍ മീന്‍ പിടിത്തം ലേലം ചെയ്താണ് നല്‍കിയിട്ടുള്ളത്. പക്ഷെ ചീനല്‍ കെട്ടി മീന്‍ പിടിക്കരുതെന്ന കര്‍ശന നിബന്ധനയോടെയാണിത്. പക്ഷെ ഇത് ലംഘിച്ചാണ് മീന്‍പിടിത്തം. പുഞ്ചകൃഷിയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നമായിട്ടും ഇത് പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
ഭൂമി, റവന്യൂവകുപ്പിന്റെയും കൃഷി, കൃഷി വകുപ്പിന്റെയും മീന്‍ പിടിത്തം ഫിഷറീസ് വകുപ്പിന്റെയും കീഴില്‍വരുന്ന കാര്യങ്ങളാണ്. അപ്പോള്‍ ആരാണ് ചീനല്‍ മാറ്റാന്‍ നടപടിയെടുക്കേണ്ടത് എന്നതാണ് പ്രശ്‌നം. പുഞ്ച കോള്‍ മേഖലയുടെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ പലതുണ്ടെങ്കിലും സ്ഥിരം ബണ്ടുകളില്ലാത്തതും പ്രശ്‌നം ഗുരുതരമാക്കിയിട്ടുണ്ട്. കോള്‍ സംരക്ഷണ സമിതി ഭാരവാഹികളായ കെ.എ.ജയാനന്ദനും, എന്‍. ആലിക്കുട്ടിഹാജിയും പറയുന്നു.