
പെരിന്തല്‍മണ്ണ: ഏതൊരു പ്രദേശത്തിന്റെയും അടിസ്ഥാന വികസനത്തിന് ആദ്യം വേണ്ടത് റോഡുകളാണ്. പഞ്ചായത്തുകള്‍ക്ക് വിവിധ പദ്ധതികളില്‍ തുക ലഭിക്കുന്നതനുസരിച്ചാണ് ഗ്രാമീണ റോഡുകള്‍ മുഖം മിനുക്കുന്നത്. ഒരു തവണ കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമേ അടുത്ത നവീകരണം നടക്കൂ. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ തുകകള്‍ നീക്കി വെച്ചാണ് ഘട്ടം ഘട്ടമായി നവീകരിക്കുന്നത്. ജനത്തിന്റെ മുറവിളികളും പരാതികളും ഏറുമ്പോള്‍ നടക്കുന്ന റോഡ് നവീകരണം പലപ്പോഴും കണ്ണില്‍ പൊടിയിടുന്നതായാണ് അനുഭവം. മലയോര-കാര്‍ഷിക മേഖലകള്‍ ചേര്‍ന്നുള്ള പെരിന്തല്‍മണ്ണ താലൂക്കില്‍ അടുത്തിടെ നവീകരിച്ച പല റോഡുകളും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പഴയ രൂപത്തിലായി. ചിലത് മുന്‍പത്തേതിലും മോശമായി.
മേലാറ്റൂര്‍-കരുവാരകുണ്ട് മലയോരപാത ഏകദേശം 10 മാസം മുമ്പ് നവീകരിച്ചതാണ്. ഇതില്‍ ഉമ്മണത്തുപടി മുതല്‍ പുത്തന്‍കുളം വരെയുള്ള നാനൂറ് മീറ്ററോളം റോഡ് തകര്‍ന്നു കഴിഞ്ഞു. ഉച്ചാരക്കടവ് -കൊമ്പങ്കല്ല്-പേഴുന്തറ റോഡും നവീകരിച്ചത് മാസങ്ങള്‍ മുമ്പാണ്. ടാറിങ് നടക്കുന്ന സമയത്ത് തന്നെ പണി മോശമാണെന്ന് പറഞ്ഞ് നാട്ടുകാര്‍ തടഞ്ഞിരുന്നു. മഴക്കാലത്തിന് തൊട്ട്മുമ്പ് ടാറിങ് നടത്തിയ റോഡ് മഴക്കാലത്ത് തന്നെ തകരാന്‍ തുടങ്ങി. പാണ്ടിക്കാട്-കുമരംപുത്തൂര്‍ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡാണിത്.
ആലിപ്പറമ്പ് പഞ്ചായത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പൂവത്താണി-ആലിപ്പറമ്പ്-കാളികടവ് റോഡ്, ആലിപ്പറമ്പ് ഹൈസ്‌കൂള്‍-വില്ലേജ് റോഡ് ഇവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡിന്റെ ഏതെങ്കിലും ഒരു ഭാഗം എന്നും കുണ്ടും കുഴിയുമായി കിടക്കുക പതിവാണ്. പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന തുകയ്ക്കനുസരിച്ച് കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് നവീകരിക്കുന്നത്. ആലിപ്പറമ്പ്-കാമ്പ്രം റോഡ് പണിതുടങ്ങിയപ്പോള്‍ തന്നെ ആവശ്യത്തിന് ടാര്‍ ഉപയോഗിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു. മഴക്ക് തൊട്ട് മുമ്പേ നടത്തിയ ടാറിങ് മഴ തുടങ്ങിയപ്പോഴേക്കും പൊളിയുകയും ചെയ്തു. ആലിപ്പറമ്പ്-വില്ലേജ്-തെക്കേപ്പുറം റോഡ് 2010 ലാണ് ടാറിങ് കഴിഞ്ഞത്. 2011 ല്‍ അറ്റകുറ്റപ്പണി നടത്തേണ്ടതായി വന്നു. ഇതിന് ശേഷം ഇപ്പോഴും തകര്‍ന്ന് കിടക്കുകയാണ്. വെങ്ങാട്-കീഴ്മുറി റോഡ്, പാങ്ങിലെ പുളിവെട്ടി-പള്ളിപ്പറമ്പ് റോഡ് തുടങ്ങിയവയും കുണ്ടും കുഴിയുമായിരിക്കുകയാണ്. അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈലോങ്ങര-കിഴക്കേമുക്ക്, പള്ളിപ്പടി-കൊടക്കാട് റോഡ്, അരിപ്ര-മണ്ണാറമ്പ്, തിരൂര്‍ക്കാട്-തോണിക്കര, മദ്രസപ്പടി-ഏറാന്തോട് തുടങ്ങിയ റോഡുകള്‍ പഴയ മണ്‍വഴിയേക്കാള്‍ ദയനീയമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണികള്‍ നടന്നത്.
റോഡുകള്‍ക്ക് അരികില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തത്, തകര്‍ച്ചക്ക് വഴിവെക്കുന്നു. പദ്ധതി പൂര്‍ത്തീകരണം സാമ്പത്തിക വര്‍ഷാവസാനത്തേക്ക് ആവുന്നത് മഴക്ക് തൊട്ട് മുമ്പ് മാത്രം റോഡുകളുടെ നവീകരണം നടത്തുന്നതിലേക്കെത്തിക്കുന്നു. നിര്‍മ്മാണം കഴിഞ്ഞ ഉടന്‍ മഴപെയ്ത് വെള്ളക്കെട്ടുകളുണ്ടാകുന്നതും റോഡുകളുടെ നാശത്തിന് കാരണമാകുന്നു. ഗ്രാമീണ റോഡുകളുള്‍പ്പെടെയുള്ളവയില്‍ നിശ്ചിത കാലാവധിക്കുള്ളില്‍ റോഡ് തകര്‍ന്നാല്‍ കരാറുകാര്‍ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് നിബന്ധന വെക്കാറുണ്ട്. പലപ്പോഴും റോഡ് പണി പൂര്‍ത്തിയാവുന്നതോടെ മുഴുവന്‍ തുകയും കരാറുകാര്‍ക്ക് ലഭിക്കുന്നു. തകരാറുണ്ടായാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനോ കരാറുകാരനെതിരെ നടപടിയെടുക്കാനോ ഭരണസമിതിക്ക് സാധിക്കില്ല.