മലപ്പുറം: മലപ്പുറം കുന്നുമ്മലിലുളള നാലുനില കെട്ടിടത്തിന്റെ മുകളില്‍ ഞായറാഴ്ച പകല്‍ 12 മണിയോടെ തീപ്പിടിത്തം.നൃത്തപരിശീലനത്തിനെത്തിയ നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളുമുള്‍പ്പെടെയുള്ളവര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കുന്നുമ്മല്‍ ഹെഡ്‌പോസ്‌റ്റോഫീസിന് എതിര്‍വശത്തുളള പി.എസ്.എ. ടവറിന്റെ നാലാംനിലയില്‍ കൂട്ടിയിട്ടിരുന്ന വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ഇതേ നിലയിലായിരുന്നു ഡാന്‍സ് ക്ലാസ്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വഴിയാത്രക്കാര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് കെട്ടിടത്തിലുള്ളവര്‍ കാര്യം അറിഞ്ഞത്. തുടര്‍ന്ന് നൃത്തവിദ്യാലയത്തിലെകുട്ടികളെ ഉടന്‍ താഴേക്കിറക്കി. താഴെ നിലയിലെ കടയിലുള്ളവര്‍ ബക്കറ്റുകളില്‍ വെള്ളം എത്തിച്ച് തീ പടരാതെ ശ്രദ്ധിച്ചു. അപ്പോഴേക്കും അഗ്‌നിശമനസേനയുമെത്തി. തുടര്‍ന്ന് തീ പൂര്‍ണ്ണമായും കെടുത്തി. തീപ്പിടിത്തത്തിന്റെ കാരണംവ്യക്തമായിട്ടില്ല.