മലപ്പുറം: അവര്‍ ഓരോരുത്തരായി വേദിയിലേക്ക് കടന്നുവന്നു. വിരലുകളുടെ ചലനം കൊണ്ട് ഭാഷതീര്‍ത്ത് സ്വയം പരിചയപ്പെടുത്തി. പ്രസംഗങ്ങളും ചര്‍ച്ചകളും നിറഞ്ഞുനിന്ന സ്ഥലം അങ്ങനെ വിവാഹസ്വപ്നങ്ങളുടെ നിറംപകര്‍ന്ന വേദിയായിമാറി.ഓള്‍ കേരള പേരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേര്‍ഡ് (അക്പാഹി)സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ബധിര യുവതീയുവാക്കള്‍ക്ക് വിവാഹാലോചനയുടെ മുന്നോടിയായി പരിചയപ്പെടുത്തല്‍ ചടങ്ങ് നടന്നത്. ഇരുനൂറിലേറെ പേരാണ് പങ്കെടുത്തത്. യുവതികളായിരുന്നു കൂടുതലും എത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കൂടുതല്‍ പേര്‍ എത്തിയത് മലപ്പുറം, കോഴിക്കോട്,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന്. രക്ഷിതാക്കളോടൊപ്പം എത്തിയ യുവതീയുവാക്കള്‍ വേദിയിലെത്തി ആംഗ്യഭാഷയില്‍ സ്വയം പരിചയപ്പെടുത്തി. അതോടൊപ്പം രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും കുടുംബത്തെ സംബന്ധിച്ചകാര്യങ്ങളും ഫോണ്‍നമ്പറും മൈക്കിലൂടെ അറിയിക്കുകയും ചെയ്തു. വേദിയിലെ പരിചയപ്പെടുത്തല്‍ കഴിഞ്ഞ് സദസ്സിലേക്ക് എത്തിയതോടെ പരസ്പരം പരിചയപ്പെടലിന്റെയും കൂടുതല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിന്റെയും തിരക്ക്.
അക്പാഹിയുടെ നേതൃത്വത്തില്‍ 2004ല്‍ മഞ്ചേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ബധിര യുവതീയുവാക്കളുടെ വിവാഹത്തിന് ആദ്യമായി വേദിയൊരുക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇരുനൂറിലേറെ പേര്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നു. ഓരോ വര്‍ഷവും ഇരുപതോളം വിവാഹങ്ങള്‍ നടത്താന്‍ ഈ വേദി പ്രയോജനപ്പെടുന്നുണ്ടെന്നും ഇവരുടെ കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും അക്പാഹി ജില്ലാ ചെയര്‍മാന്‍ ഇ. അബ്ബാസ് പറഞ്ഞു.
ബധിര യുവതീയുവാക്കളുടെ വിവാഹത്തിനായുള്ള സംഗമം സംസ്ഥാനതലത്തില്‍ അക്പാഹിയുടെ നേതൃത്വത്തില്‍ നടക്കുന്നത് ആദ്യമായാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ബധിരസംഗമം എം. മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. ഇ. അബ്ബാസ് അധ്യക്ഷതവഹിച്ചു. എ. മുജീബ്‌റഹ്മാന്‍ യുവതീയുവാക്കളെ പരിചയപ്പെടുത്തി. സി.കെ. അബ്ദുല്‍സലാം, സി.എന്‍. തമ്പി എന്നിവര്‍ പ്രസംഗിച്ചു.