
ലോറി ഇടിച്ചുതെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ പോട്ടൂര്‍ മലേഷ്യ ബില്‍ഡിങ്ങിന് സമീപം താമസിക്കുന്ന കരുവാരക്കുന്നത്ത് ശിഹാബിനെ(32) തൃശ്ശൂര്‍ അമല ആസ്പത്രിയിലും ലോറി ഡ്രൈവര്‍ ആനക്കരയിലെ സന്ദീപി നെ(30) എടപ്പാള്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മലപ്പുറം- പാലക്കാട് അതിര്‍ത്തിയായ പോട്ടൂരില്‍ ഞായറാഴ്ച രാവിലെ 8.45നാണ് സംഭവം. ആനക്കരയില്‍നിന്ന് മണ്ണുകയറ്റി വരികയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
റോഡരികിലെ പാലത്തിലിടിച്ച ലോറി കടയ്ക്ക് മുന്നിലിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് കടവരാന്തയിലേക്ക് പാഞ്ഞുകയറി ശിഹാബിനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ശിഹാബ് വയലിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ലോറി ഇയാളുടെ ദേഹത്തേക്ക് കയറും മുമ്പ് വയലില്‍ കൂപ്പുകുത്തി.
9.30 ആകുമ്പോഴേക്കും സ്ഥലത്തെത്തിയ തൃത്താല പോലീസും മണ്ണുലോറിക്കാരുടെ വന്‍ സംഘവും കൂടി മണ്ണ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് മാറ്റി ലോറി പൊക്കാന്‍ ശ്രമം ആരംഭിച്ചു. ഇത് ജനം തടഞ്ഞു. ധൃതിയില്‍ ലോറി പൊക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി വീണ്ടും മറിഞ്ഞു. ഇതോടെ തല്‍ക്കാലം ശ്രമം ഉപേക്ഷിച്ചു. പിന്നീട് മറ്റൊരു ജെ.സി.ബിയും ക്രെയിനും കൊണ്ടുവന്ന് വീണ്ടും ലോറി പൊക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. ഒടുവില്‍ മണ്ണ് മാറ്റാതെതന്നെ ലോറി സ്റ്റേഷനിലെത്തിച്ച് കേസെടുക്കുമെന്ന് എസ്.ഐ ഉറപ്പുനല്‍കി. ഇതിനുശേഷം ഒരു മണിയോടെയാണ് ജനം ലോറി കയറ്റാന്‍ സമ്മതിച്ചത്.