പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 20 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ പ്രമേഹരോഗികള്‍ 22 ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ഗവ. താലൂക്ക് ആസ്​പത്രി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു. ആഹാരത്തിന് മുമ്പ് എടുത്ത 100 രക്തസാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ 22 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് കണ്ടെത്തി. മൂന്നുശതമാനം പേര്‍ പ്രീ ഡയബറ്റിക് അവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ത സാമ്പിളുകളില്‍ പഞ്ചസാരയുടെ അളവ് 126 മില്ലിഗ്രാമും അതിലേറെയും ഉള്ളവരെയാണ് പ്രമേഹരോഗികളായി കണക്കാക്കുന്നത്. 100നും 125നും ഇടയില്‍ വരുന്നവര്‍ പ്രീ ഡയബറ്റിക് അവസ്ഥയിലാണ്. വ്യായാമക്കുറവും അമിത ആഹാരവും ജീവിത ശൈലികളിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും നൂറ് ശതമാനവും തടയാവുന്നതുമാണ് പ്രമേഹമെന്ന് അധികൃതര്‍ പറഞ്ഞു. 

ബുധനാഴ്ച രാവിലെ ഏഴിന് ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ആസ്​പത്രിയും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി കൂട്ട നടത്തം സംഘടിപ്പിക്കും. തുടര്‍ന്ന് ബോധവത്കരണ ക്ലാസും പ്രമേഹക്ലബ്ബ് രൂപവത്കരണവും നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നൂറുപേരെ ഉള്‍പ്പെടുത്തിയാണ് പ്രമേഹ ക്ലബ്ബ് രൂപവത്കരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് മരുന്നും തുടര്‍ ചികിത്സയും ബോധവത്കരണവും ആസ്​പത്രിയില്‍ത്തന്നെ നല്‍കും. ഓരോ ആളുടെയും ജീവിത ശൈലി, ജോലി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഭക്ഷണക്രമീകരണം, കഴിക്കാവുന്ന ഭക്ഷണം, വ്യായാമം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വിധത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുകയെന്ന് താലൂക്ക് ആസ്​പത്രി സൂപ്രണ്ട് ഡോ. ഫാത്തിമ ഷഹനാസ്, ഫിസിഷ്യന്‍ ഡോ. എ. ഷാജി, സാമൂഹിക പ്രവര്‍ത്തകന്‍ കെ. ആര്‍. രവി എന്നിവര്‍ പറഞ്ഞു.
 
Top