മലപ്പുറം: ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രതീക്ഷാ പദ്ധതിയുടെ ഭാഗമായി 26 ഇടത്ത് പകല്‍ പരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗം പി.ബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
25 ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ് കേന്ദ്രങ്ങള്‍. കിടപ്പിലായ പരിചരണം ആവശ്യമുള്ള കുട്ടികളെയാണ് ആഴ്ചയില്‍ നാല് ദിവസം പകല്‍ സമയം പരിചരിക്കുക. ഇവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കും. ആയമാര്‍, ഐ.ഇ.ഡി ടീച്ചര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.
സ്ഥാപനത്തിന് വാഹന സൗകര്യവും കുട്ടികള്‍ക്ക് വീല്‍ചെയറും നല്‍കും. കേന്ദ്രത്തിലെത്തുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും സൗകര്യമൊരുക്കും. ഒരു കേന്ദ്രത്തിന് 4.8 ലക്ഷം രൂപയാണ് ചെലവ്. രണ്ട് ലക്ഷം ജില്ലാ പഞ്ചായത്തിന്റെ വിഹിതവും ഒരു ലക്ഷം വീതം ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും വഹിക്കണം. ഇതിന് പുറമെ സാമൂഹിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അനുമതിയുണ്ട്. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, സലീം കുരുവമ്പലം, കെ.പി.ജല്‍സീമിയ, റ്റി.വനജ , ഉമ്മര്‍ അറയ്ക്കല്‍, എ.കെ.അബ്ദുറഹിമാന്‍, കെ.സി.ഗോപി, ഡോ.മുജീബ്‌റഹ്മാന്‍, ജയദേവന്‍, സി.കെ.എ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.