തിരൂര്‍: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കാളപൂട്ട് ആസ്വാദകരുടെ ആവേശമായിരുന്ന ചെമ്പ്ര ബാപ്പുമൂപ്പന്‍ ഇനി പൂട്ടുകണ്ടത്തില്‍ ആരവം പകരാന്‍ ഉണ്ടാവില്ല.

അറിയപ്പെടുന്ന കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനും ചെമ്പ്ര മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ മണ്ടായപ്പുറത്ത് ബാപ്പുമൂപ്പന്‍ തിങ്കളാഴ്ച നാടിനോട് വിടചൊല്ലി. വീട്ടുപറമ്പില്‍ ചേമ്പും ചേനയും മത്തനും ഇളവനും ചീരയും വാഴയുമെല്ലാം കൃഷിചെയ്ത് കാര്‍ഷികരംഗത്ത് മാതൃക കാട്ടിയ ബാപ്പു മൂപ്പന്‍ വെറ്റിലക്കൃഷിയിലും മുന്‍പന്തിയിലായിരുന്നു.

ടിപ്പു നല്‍കിയ മൂപ്പന്‍ പദവിയില്‍ പ്രദേശത്തെ കരംപിരിക്കാനുള്ള ചുമതല മൂപ്പന്‍ കുടുംബത്തിനായിരുന്നു. തുടര്‍ന്ന് മൂപ്പന്റെ മക്കളും മൂപ്പന്‍ എന്ന പേരിലറിയപ്പെട്ടു. ചെമ്പ്ര പ്രദേശത്തിന്റെ വികസനത്തിന് ഏറെ സ്ഥലം നല്‍കി മൂപ്പന്‍ മാതൃക കാട്ടിയിരുന്നു. നിര്‍ധനരെ സഹായിക്കാന്‍ മൂപ്പന്‍ മുന്‍പന്തിയിലായിരുന്നു. വീടില്ലാത്ത ഒട്ടേറെ ദരിദ്ര കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ മൂപ്പന്‍ സ്ഥലം നല്‍കി.

കര്‍ഷകരുടെ ഹരമായ കാളപൂട്ട് സംഘടിപ്പിക്കുന്നതില്‍ മൂപ്പന്‍ മുന്‍പന്തിയിലായിരുന്നു. മലപ്പുറം ജില്ലയിലും സമീപ ജില്ലകളിലും മൂപ്പന്‍ കാളപൂട്ടിന് പോകാറുമുണ്ടായിരുന്നു. കാളപൂട്ട് മത്സരത്തിനായി മൂപ്പന്‍ വിലപിടിപ്പുള്ള കാളകളെ വാങ്ങി വളര്‍ത്തിയിരുന്നു.

ആയിരക്കണക്കിനാളുകളായിരുന്നു വര്‍ഷംതോറും ചെമ്പ്രയിലെ കാളപൂട്ടിന് മൂപ്പന്റെ പൂട്ടുകണ്ടത്തില്‍ എത്തിയിരുന്നത്. മതപഠനരംഗത്തും സാമൂഹികസേവനരംഗത്തും മുന്‍പന്തിയിലുള്ള മൂപ്പന്‍ കുടുംബത്തില്‍നിന്ന് നഗരസഭയുടെ ഭരണരംഗത്തും അംഗങ്ങള്‍ എത്തിയിട്ടുണ്ട്.
 
Top